ചെന്നൈ: കഴിഞ്ഞമാസം 22നായിരുന്നു കഠിനമായ പനിയും നിര്‍ജ്ജലീകരണവും മൂലം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ പരക്കുന്നത്. മരണം സംഭവിച്ചതായി വരെ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതിനെ തുടർന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ ആരംഭിച്ചത്.പക്ഷെ പലരും കുറിപ്പുകളിലെ ഭാഷയെ പരിഹസിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്താക്കുറിപ്പുകളിലെ അവ്യക്തയെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ വാര്‍ത്താക്കുറിപ്പ് വൈറലാവുകയാണ്.
അപ്പോളോ ആശുപത്രിയുടെ എല്ലാ വാര്‍ത്താക്കുറിപ്പിലും ആവര്‍ത്തിച്ച് വരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളാണ്. ഇതിനെയാണ് ട്രോള്‍ വാര്‍ത്താക്കുറിപ്പിലൂടെ പരിഹസിക്കുന്നത്.
കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ബഹുമാനപ്പെട്ട പനിയും ബഹുമാനപ്പെട്ട നിര്‍ജ്ജലീകരണവും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോളോ ആശുപത്രിയുടെ ലോഗോയും ഈ വ്യാജക്കുറിപ്പിലുണ്ട്. കുറിപ്പില്‍ ജയലളിതയുടെ മെഡിക്കല്‍ ഷോപ്പുകളേയും പരിഹസിക്കുന്നുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സ്ഥാപനമായ അമ്മ മെഡിക്കല്‍സില്‍ നിന്നും മരുന്നുകള്‍ എത്തിച്ചാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ചികിത്സിക്കുന്നതെന്നും അതുകൊണ്ടാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാകാന്‍ കാരണമെന്നാണ് കുറിപ്പിലുള്ളത്. ജയലളിതയുടെ ആശുപത്രിവാസം നീളുന്നതിനേയും കുറിപ്പില്‍ പറയുന്നുണ്ട്. കൂടുതല്‍ നാള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതിലൂടെ തമിഴ്‌നാട് സര്‍ക്കാരിന് കനത്ത ബില്ല് കൊടുക്കുകയാണ് ലക്ഷ്യമെന്നും പറയുന്നുണ്ട്.
കുറിപ്പ് അവസാനിക്കുന്നത് ‘ ദൈവത്തിനറിയാം എന്ത് സംഭവിക്കുമെന്ന്’എന്ന് പറഞ്ഞു കൊണ്ടാണ്. ട്രോള്‍ വാര്‍ത്താക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആശുപത്രി അധികൃതര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post Your Comments