NewsIndia

ജയലളിതയുടെ ഭരണമികവിന് ഒരു മലയാളിയുടെ അനുഭവ കുറിപ്പ്

രോഗാതുരയായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ ഭരണമികവിനെപ്പറ്റി ഒരു മലയാളി എഴുതിയ അനുഭവക്കുറിപ്പ്‌ ശ്രദ്ധേയമാകുന്നു.

കുറിപ്പ് വായിക്കാം:

ജയലളിത എന്ന കരുത്തയായ നേതാവിനോട് എനിക്കൊരു കടപ്പാടുണ്ട്… വര്‍ഷങ്ങള്‍ക്കു മുന്‍പ് മധുര കാമരാജ് സര്‍വകലാശാലയില്‍ എം.ബി.എ. എഴുതി എടുത്ത സമയം. റിസള്‍ട്ട് വന്നു ആറു മാസത്തോളം ആയിട്ടും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ല. അവിടെ ചെന്ന് അന്വേഷിക്കുമ്പോള്‍ അണ്ണാച്ചിമാര്‍ കൊടുംതമിഴില്‍ എന്തൊക്കെയോ മുട്ട് ന്യായങ്ങള്‍ പറയും.. കിട്ടുമ്പോള്‍ കിട്ടട്ടെ എന്ന് കരുതി ഇരിക്കുമ്പോള്‍ വെറുതെ തോന്നിയ ഒരു ആശയം.. ജയലളിതാമ്മയ്ക്ക് ഒരു കത്ത് അയച്ചാലോ എന്ന്.

ഒരെണ്ണം സ്പീഡ് പോസ്റ്റില്‍ കാച്ചി , മാവില്‍ കല്ലെറിയുന്ന പോലെ.. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കാള്‍. സര്‍വകലാശാല രജിസ്ട്രാര്‍ നേരിട്ട് വിളിക്കുകയാണ്‌.. സര്‍ട്ടിഫിക്കറ്റിനു അപേക്ഷിച്ച രേഖകളുടെ പകര്‍പ്പ് ഒന്ന് ഫാക്സ് ചെയ്യുമോ എന്ന് അപേക്ഷിച്ച് ആണ് ടിയാന്റെ വിളി. പിറ്റേ ദിവസം അത് ഓര്‍മപെടുത്താന്‍ വീണ്ടും ടിയാന്‍ വിളിച്ചു. ഫാക്സ് കിട്ടിയെന്നും ഒരാഴ്ചയ്ക്ക് അകത്തു സര്‍ട്ടിഫിക്കറ്റ് എത്തുമെന്നു ഉറപ്പും തന്നു…

അടുത്ത ദിവസം സി.എമിന്റെ ഓഫീസില്‍ നിന്നും ഒരു കത്ത് വീട്ടില്‍ ലഭിച്ചു.. വേണ്ട ഏര്‍പ്പാടുകള്‍ പെട്ടന്ന് ചെയ്തു അതിന്റെ വിവരം സി.എമിന്റെ ഓഫീസില്‍ എത്രയും പെട്ടന്ന് എത്തിക്കണം എന്ന ശാസനാരീതിയില്‍ ഉള്ള മധുര തഹസില്‍ദാറിനുള്ള കത്തിന്റെ പകര്‍പ്പ് ആയിരുന്നു അത്. അഞ്ചാറു ദിവസത്തിനുള്ളില്‍ ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് എനിക്ക് കിട്ടുകയും ചെയ്തു.

പല ആവശ്യത്തിനും സ്വന്തം ആയതും, പൊതു കാര്യം ആയതും പലര്‍ക്കും ഞാന്‍ കത്ത് അയച്ചിട്ടുണ്ട്. സഖാവ് വി.എസിനും, ഉമ്മന്‍ചാണ്ടിക്കും ഒക്കെ.. അവര്‍ രണ്ടും മുഖ്യ മന്ത്രിമാര്‍ ആയിരുന്ന ഘട്ടങ്ങളില്‍.. ഒരു സാദാ പൌരനു വേണ്ടി അല്പം സമയം ചിലവഴിക്കാനും, അയാളുടെ പ്രശ്നത്തിന് പരിഹാരം കാണാനും, എന്തിനു അയാള്‍ക്ക് മറുപടി എങ്കിലും അയയ്ക്കാനും ഇവരുടെ ഓഫീസ് തയാറായില്ല എന്ന് സങ്കടത്തോടെ പറയേണ്ടി വരും…

അവിടെ ആണ് ജയലളിത എന്ന നേതാവിന്റെ മഹത്വം. അവര്‍ അഴിമതി നടത്തിയാലും, ജനത്തിന് വേണ്ടത് നല്‍കും.കേരള രാഷ്ട്രീയക്കാരുടെ നക്കി തോര്‍ത്തല്‍ അവര്‍ക്കില്ല.. അതിനാലാണ് തമിഴ് ജനത അവര്‍ക്ക് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നതും, പ്രാര്‍ഥിക്കുന്നതും. അതവരുടെ വിവരമില്ലായ്മ കൊണ്ടല്ല മറിച്ചു അവരുടെ ആശ്രയം നഷ്ടപെടുമോ എന്നുള്ള ഹൃദയവേദന കൊണ്ടാണ്.

ജയലളിതാമ്മ എത്രയും പെട്ടന്ന് സുഖം പ്രാപികട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button