കൊച്ചി : ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്ത സുബഹാനി ഹാജ മൊയ്തീന്‍ രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിന്റെ ദക്ഷിണേന്ത്യയിലെ ശാഖകളെ ബന്ധിപ്പിച്ച പ്രധാന കണ്ണി. കേരളം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ ഐ.എസിന്റെ ശാഖകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത് സുബഹാനിയാണെന്നും എന്‍.ഐ.എ വ്യക്തമാക്കി.
കേരളത്തിലും തമിഴ്‌നാട്ടിലും തെലങ്കാനയിലുമുള്ള ഐ.എസ് ശാഖകളെയാണ് ഇപ്പോള്‍ എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുള്ളത്. കണ്ണൂരില്‍ യോഗം ചേരുമ്പോള്‍ അറസ്റ്റിലായത് കേരള ശാഖയിലെ അംഗങ്ങളാണ്. ഇവരെ പ്രതികളാക്കി റജിസ്റ്റര്‍ ചെയ്ത കേസിലെ ചിലര്‍ യു.എ.ഇയിലാണെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി.
സുബ്ഹാനി തിരിച്ചെത്തിയത് ഇന്ത്യയില്‍ ഭീകരശ്യംഖല വളര്‍ത്തുമെന്ന് ഐസ്എസ് മേധാവികള്‍ക്ക് ഉറപ്പുനല്‍കിയ ശേഷം. പോരാട്ടത്തിനിടെ സുഹൃത്തുക്കള്‍ മരിക്കുന്നതു കണ്ടാണ് സുബ്ഹാനി ഇറാഖില്‍നിന്നും പോരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഐഎസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ സുബ്ഹാനി, ഇന്ത്യയില്‍ ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കാമെന്നു മേധാവികള്‍ക്ക് ഉറപ്പു നല്‍കുകയായിരുന്നു.
ഐഎസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയില്‍ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സുബ്ഹാനി. ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു. സമുഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഐഎസിലേക്ക് ആകൃഷ്ടനായത്. ഉംറ നിര്‍വഹിക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍നിന്നാണ് ഇയാള്‍ ഇസ്താംബുളിലേക്കു പോയത്. ഇവിടെ നിന്ന് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ കൂടെ ഇറാഖില്‍ ഐഎസിന്റെ അധീനതയിലുള്ള പ്രദേശത്തേക്കും കടന്നു.
ഇവിടങ്ങളില്‍ വെച്ചാണ് മതപരിശീലനവും ആയുധ പരിശീലനവും ലഭീച്ചത്.
ഐഎസ് ബന്ധമുള്ള സന്ദേശങ്ങളും പോസ്റ്റുകളും ലേഖനങ്ങളും അപ്‌ലോഡ് ചെയ്തതിന്റെ സാങ്കേതിക വിവരങ്ങള്‍ കൈമാറാന്‍ വാട്‌സ് ആപ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളോട് എന്‍.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഐഎസിന്റെ തമിഴ്‌നാട് ശാഖയിലെ ചിലര്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
Post Your Comments