India

മിന്നലാക്രമണം : പാകിസ്ഥാന് വീണ്ടും തിരച്ചടി : വെളിപ്പെടുത്തലുമായി അധിനിവേശ കശ്മീരിലെ പോലീസുകാരന്‍

ന്യൂഡല്‍ഹി● പാക് അധീന കാശ്മീരില്‍ ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ല വാദം വീണ്ടും പൊളിയുന്നു. ഇന്ത്യ ആക്രമണം നടത്തിയതായി പാക് അധീന കാശ്മീരിലെ അഞ്ച് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവുമായി പാക് അധീന കാശ്മീരിലെ പോലീസുകാരനും രംഗത്തെത്തി.

സെപ്റ്റംബര്‍ 29 ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്നും എല്ലായിടത്തും ഒരേസമയമായിരുന്നു ആക്രമണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മിർപൂർ റേഞ്ച് എസ്.പി (സ്പെഷൽ ബ്രാഞ്ച്) ഗുലാം അക്ബർ വെളിപ്പെടുത്തി. പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച ആക്രമണം നാലഞ്ച് മണിക്കൂറോളം നീണ്ടുന്നിന്നു. സാംമ്നയിലെ ഭീംബേർ, പൂഞ്ചിലെ ഹസീറ, നീലംമിലെ ദുഹ്നിയാൽ, ഹാത്തിയാൻ ബാലയിലെ കയാനി എന്നിവിടങ്ങളിലായിരുന്നു ഇന്ത്യൻ ആക്രമണം.

ആക്രമണത്തില്‍ 5 പാക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടു. ആക്രമണം നടത്തി ഇന്ത്യന്‍ സൈന്യം മടങ്ങിയതിന് പിന്നാലെ സ്ഥലത്തെത്തിയ പാക് സൈന്യം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ എടുത്തുകൊണ്ട് പോയെന്നും കൂടുതൽപേരുടെയും മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്നും ഗുലാം അക്ബർ പറഞ്ഞു.

മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ലഫ്.ജനറൽ രൺബീർ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളിലെ ഓരോ വരിയും സത്യമാണെന്ന് ഗുലാം അക്ബര്‍ സ്ഥിരീകരിച്ചതായും സി.എന്‍.എന്‍-ന്യൂസ്‌ 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്‌ അധീന കാശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടില്ലെന്നും അതിര്‍ത്തിയില്‍ വെടിവെപ്പ് മാത്രമാണ് ഉണ്ടായതെന്നുമാണ് പാകിസ്ഥാന്‍ വാദം. അതാണ് പുതിയ വെളിപ്പെടുത്തലുകളോടെ പൊളിഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button