KeralaNews

ശ്രീനിവാസന്‍ ‘മാപ്പ്’ പറഞ്ഞു

കൊച്ചി: അവയവദാനവിരുദ്ധ പരാമര്‍ശത്തില്‍ മാത്യു അച്ചാടനോട് നടന്‍ ശ്രീനിവാസന്‍ മാപ്പ് പറഞ്ഞു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ആംബുലന്‍സില്‍ കൊണ്ടു വന്ന ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന പരാമര്‍ശം നടത്തിയതെന്ന് ശ്രീനിവാസന്‍ വിശദീകരിച്ചു.
ചില വിദഗ്ദ്ധരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞത്. മാത്യു അച്ചാടനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇത്തരമൊരു പ്രസ്താവന നടത്തിയത്. പത്മഭൂഷണ്‍ ജേതാവായ ഡോ.ബിഎം ഹെഗ്‌ഡെ അവയവദാനത്തിന്റെ മറവില്‍ നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പോരാട്ടം നടത്തുന്നുണ്ട്.

ഈ പോരാട്ടത്തെ തുണച്ചും അതിന്റെ പ്രാധാന്യം ജനങ്ങള്‍ അറിയണം എന്നുമുള്ള ആഗ്രഹത്തോടെയുമാണ് സംസാരിച്ചത്. അവയവദാനത്തില്‍ സ്വീകര്‍ത്താവിന്റെ ശരീരം പുതിയ അവയവത്തെ തിരസ്‌കരിക്കും. ഇതൊഴിവാക്കാന്‍ പലതരം രാസവസ്തുകളാണ് സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നത്. ഇത് ഗുരുതരമായ ഒരു അവസ്ഥയാണ്. ഇതിനെതിരായാണ് സംസാരിച്ചത്.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ആസ്പത്രിയില്‍ എത്ര രൂപ ചിലവായി എന്നതും സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ എന്ത് ചിലവാകും എന്നതും കേരളം ചര്‍ച്ചചെയ്തു കഴിഞ്ഞു. അവയവം മാറ്റിവയ്ക്കല്‍ വലിയൊരു കച്ചവടം കൂടിയാണെന്ന ഹെഗ്ഡയുടെ അഭിപ്രായം മലയാളിസമൂഹം ചര്‍ച്ച ചെയ്യണം എനിക്ക് പറ്റിയൊരു അബദ്ധത്തില്‍ ഇക്കാര്യങ്ങള്‍ മുങ്ങിപ്പോകരുത്ശ്രീനിവാസന്‍ പറഞ്ഞു.

ചൊവ്വാഴ്ച എറണാകുളം പ്രസ്‌ക്ലബില്‍ സംസാരിക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് നിന്ന് എയര്‍ആംബുലന്‍സില്‍ കൊണ്ടു വന്ന ഹൃദയം സ്വീകരിച്ചിരുന്നയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിക്കണമെന്ന് ശ്രീനിവാസന്‍ പറഞ്ഞത്.

ശ്രീനിവാസന്റെ ഈ പരാമര്‍ശത്തിനെതിരെ അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായിരുന്ന നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് മാത്യു അച്ചാടനില്‍ ഇപ്പോള്‍ സ്പന്ദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button