
മനാമ : ബഹ്‌റൈന്‍-സൗദി നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് ടാക്‌സി സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ്. നിലവില്‍ ലൈസന്‍സുള്ള ടാക്‌സികള്‍ക്ക് കിങ് ഫഹദ് കോസ്വേ കടക്കാന്‍ ചില നിയന്ത്രണങ്ങളുള്ളതിനാല്‍, പലരും അനധികൃത ടാക്‌സി വിളിച്ചാണ് പോകുന്നത്. പല ടാക്‌സികളും ബഹ്‌റൈന്‍ അതിര്‍ത്തി വരെ പോയി അവിടെ യാത്രക്കാരെ ഇറക്കുന്നതും, പിന്നീട് അവര്‍ മറ്റ് യാത്രക്കാരോട് ലിഫ്റ്റ് ചോദിക്കുന്നതും നിത്യസംഭവമാണ്.
അനധികൃത ടാക്‌സി വിളിക്കാന്‍ താല്‍പര്യമില്ലാത്തവരുടെ യാത്ര പലപ്പോഴും ദുഷ്‌കരമാണെന്ന് ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡ് മെമ്പറും ട്രാസ്‌പോര്‍ട് ആന്റ് ലോജിസ്റ്റിക്‌സ് കമ്മിറ്റി അധ്യക്ഷനുമായ അബ്ദുല്‍ഹക്കീം അല്‍ ഷെമ്മാരി അഭിപ്രായപ്പെട്ടു. രാത്രിയോ പകലോ എന്ന വിത്യാസമില്ലാതെയാണ് കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അതിര്‍ത്തിയില്‍ ഇറക്കി വിടുന്നത്. ഈ അവസ്ഥക്ക് പരിഹാരം കാണണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. യാത്രക്കാര്‍ അനധികൃത ടാക്‌സിയെ ആശ്രയിക്കുന്നത് പിന്തുണക്കാനാകില്ല. സ്വകാര്യ കാറുകളല്ലാതെ അതിര്‍ത്തി കടക്കാനുള്ള ആശ്രയം ബസാണ്. ബസ് ആണെങ്കില്‍ എപ്പോഴുമില്ല. മാത്രവുമല്ല സ്വകാര്യത ആഗ്രഹിക്കുന്നവര്‍ ബസ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments