News

ഈ വിജയദശമി മുതൽ ആർ എസ് എസിന് അടിമുടി മാറ്റം

ചെന്നൈ:ട്രൗസറിട്ട് റാലി നടത്താൻ അനുവദിക്കില്ലെന്ന് ആർ എസ്എസിനോട് മദ്രാസ് ഹൈക്കോടതി.കോടതിയുടെ നിർദ്ദേശപ്രകാരം തമിഴ്‌നാട്ടിലെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് തീരുമാനിച്ചിരുന്ന റാലിയ്ക്ക് ഇനി ട്രൗസറിന് പകരം പാന്റുകള്‍ അനിവാര്യമാണ്.കൂടാതെ പാന്റുകള്‍ ധരിക്കുന്നതിനൊപ്പം തന്നെ ഘോഷയാത്രയ്ക്കിടയിലുള്ള മുദ്രാവാക്യങ്ങള്‍ക്കും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ, ആര്‍എസ്എസ് ഘോഷയാത്രകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.ഒക്ടോബര്‍ അവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആര്‍എസ്എസിന്റെ റാലിയെ എതിര്‍ത്തത്. തമിഴ്‌നാട്ടിലുടനീളമായി 14 ഓളം ഘോഷയാത്രകളാണ് വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ നിയമ സംവിധാനം തകരുമെന്ന ആശങ്കയാല്‍ ആര്‍എസ്എസിന്റെ ഘോഷയാത്രകള്‍ക്ക് തമിഴ്‌നാട് പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍ ചില കര്‍ശന നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഘോഷയാത്രകള്‍ക്ക് പിന്നീട് കോടതി അനുവാദം നല്‍കുകയായിരുന്നു.

പൊലീസ് സേനയിലെ സായുധ വിഭാഗത്തിന്റെ യൂണിഫോമിന് സമാനമായ വേഷമാണ് ആര്‍എസ്എസിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഘോഷയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടായി ആര്‍എസ്എസ് തങ്ങളുടെ റാലികള്‍ നടത്തിയിട്ടുള്ളത് നിക്കര്‍ വേഷം ധരിച്ച് കൊണ്ടാണ്. വെള്ള ഷര്‍ട്ടും, മുട്ടറ്റം വരെയുള്ള കാക്കി നിക്കറുമായുള്ള വേഷവിധാനങ്ങളിലാണ് ആർ എസ് എസിന്റെ ഘോഷയാത്രകൾ കാണപ്പെട്ടിരുന്നത്.കോടതി നിബന്ധനകളുടെ ഭാഗമായി പ്രവര്‍ത്തകരുടെ മുളവടിയും ഇത്തവണ ഘോഷയാത്രകളില്‍ പാടില്ല എന്നും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button