ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്ര സഭയുടെ അടുത്ത സെക്രട്ടറി ജനറലായി പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസിനെ തെരഞ്ഞെടുത്തു. ഐകകണ്ഠമായാണ് ഗുട്ടെറസിനെ തെരഞ്ഞെടുത്തതെന്ന് യുഎന്‍ പ്രതിനിധികള്‍ അറിയിച്ചു. സ്ലോവേനിയയുടെ മുന്‍ പ്രസിഡന്റ് ഡാനിലോ ടുര്‍ക്കി, ബള്‍ഗേറിയയുടെ ഐറിനാ ബെക്കോവ, മാസിഡോണിയയുടെ മുന്‍ വിദേശമന്ത്രി സ്‌റിജാന്‍ കെരിം, മുന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, സ്ലോവാക് വിദേശമന്ത്രി മിറോസ്ലാവ് ലജാക്, അര്‍ജന്റിനയുടെ വിദേശമന്ത്രി സുസന്ന മല്‍ക്കോറ എന്നിവരുള്‍പ്പെടെ പതിനൊന്നു പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ആറു പേര്‍ വനിതകളായിരുന്നു.
15 അംഗങ്ങളില്‍ 13 പേര്‍ ഗുട്ടെറസിനു അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ രണ്ട് അംഗങ്ങള്‍ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ ഡിസംബറില്‍ വിരമിക്കും. ഇദ്ദേഹത്തിന്റെ ഒഴിവിലേക്കാണ് ഗുട്ടെറസിന്റെ നിയമനം. ഗുട്ടെറസ് അടുത്ത ജനുവരിയില്‍ ചുമതലയേല്‍ക്കും. 1995 മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു. 67കാരനായ ഗുട്ടെറസിന് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
Post Your Comments