NewsIndiaInternational

സർജിക്കൽ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാരിന് കൈമാറി

ന്യൂഡല്‍ഹി: പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്ത നടപടിയുടെ വിഡിയോ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാരിന് കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹീറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സൈന്യം നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദൃശ്യങ്ങളും തെളിവുകളും കേന്ദ്രത്തിന് കൈമാറിയത്.മിന്നലാക്രമണം നടന്നെന്ന റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ കക്ഷികളുടേതുള്‍പ്പെടെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണു വിഡിയോ പുറത്തുവിടുന്നതില്‍ തങ്ങള്‍ക്കു കുഴപ്പമില്ലെന്നു സൈന്യം അറിയിച്ചത്.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മിന്നലാക്രമണത്തിനു ശേഷമുള്ള നടപടി ക്രമങ്ങള്‍ നടന്നത്. ഇത്തരമൊരു ആക്രമണം നടന്നാല്‍ അത് പ്രഖ്യാപിക്കാനുളള അധികാരം മിലിറ്ററി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറലിനാണ്. അല്ലാതെ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ പ്രതിരോധമന്ത്രിയോ അല്ല അതു പുറത്തുവിടേണ്ടത്.ഇക്കാര്യത്തില്‍ സൈന്യം ചെയ്തതാണ് കീഴ് വഴക്കമെന്നും ഹന്‍സ്രാജ് വ്യക്തമാക്കി.എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതു സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണ്.

ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വാദം പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. സർജിക്കൽ സ്‌ട്രൈക് നടന്നതിന്റെ അടുത്ത ദിവസം പാകിസ്ഥാൻ തങ്ങളുടെ രണ്ടു സൈനികരും കൊല്ലപ്പെട്ടതായി പ്രസ്താവിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തിരുന്നെങ്കിലും ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്.

ഉറിയിലെ സൈനിക കേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ സെപ്റ്റംബര്‍ 18ന് ഭീകരര്‍ നടത്തിയ ആക്രമണത്തിനു പത്തു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണം. സൈന്യം നടത്തിയ ഈ നടപടിക്ക് സൈന്യത്തിന് രാജ്യമെങ്ങും അഭിനന്ദന പ്രവാഹമായിരുന്നു .ആക്രമണം നടത്തിയതിനു തെളിവ് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആവശ്യപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button