തിരുവനന്തപുരം● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്താവള അതോറിറ്റിയുടെ സുരക്ഷാവിഭാഗവും ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും അതീവജാഗ്രത പ്രഖ്യാപിച്ചു. കേന്ദ്രനിര്‍ദ്ദേശ പ്രകാരമാണ് നടപടി.
പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് ശേഷമാണ് ജാഗ്രത പ്രഖ്യാപിച്ചത്. ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ സമീപമുള്ളതും രാജ്യത്തിന്‍റെ ദക്ഷിണാതിര്‍ത്തിയുള്ളതുമായ തിരുവനന്തപുരം വിമാനത്താവളം തന്ത്രപ്രധാനമായ വിമാനത്താവളമായാണ് കേന്ദ്രം കാണുന്നത്. നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോർജ്ജ് ജി. തരകൻ പറഞ്ഞു.
വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് കൂടുതൽ സി.ഐ.എസ്.എഫ് കമാൻഡോകളെയും ദ്രുതകർമ്മ സേനാംഗങ്ങളെയും നിയോഗിച്ചു. വിമാനത്താവളത്തിന്റെ 13 കിലോമീറ്റർ പെരിഫറൽ ഏരിയയിൽ സായുധസുരക്ഷ ഏർപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ അത്യാവശ്യഘട്ടത്തിൽ സ്‌കൈ മാർഷലിനായി സുരക്ഷാസേനാംഗങ്ങളെയും ഏർപ്പെടുത്തുന്നതും വിമാനത്താവള അതോറിറ്റിയുടെ പരിഗണനയിലുണ്ട്.
തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ പ്രതിനിധികളെയും വിളിച്ചുവരുത്തി ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. എക്സ്റേ പരിശോധനയ്ക്ക് പുറമേ നാലു തവണ യാത്രക്കാരെ പരിശോധിക്കും. വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഏപ്രണിലും പരിശോധനയുണ്ടാകും. വിമാനത്തിന്റെ വാതിലിൽ യാത്രക്കാരുടെ ദേഹപരിശോധന നടത്തി കൈയിലുള്ള ബാഗുകൾ തുറന്ന് പരിശോധിച്ച ശേഷം മാത്രമേ ഉള്ളിൽ കടത്തിവിടാവൂ എന്നാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിമാനങ്ങളില്‍ വന്നിറങ്ങുന്നവരെയും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും.
വിമാനത്താവളത്തില്‍ എത്തുന്ന വാഹനങ്ങളെയും മറ്റും നിരീക്ഷിക്കാനായി കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്. പാർക്കിംഗ് സ്ഥലങ്ങളിലും ലഘുഭക്ഷണശാലകളിലും ഡോഗ്, ബോംബ് സ്‌ക്വാഡുകൾ പരിശോധന നടത്തും. യാത്രക്കാരുടെ ബാഗേജുകളും മറ്റും ഡോഗ്-ബോംബ് സ്ക്വാഡുകള്‍ പരിശോധിക്കും. സി.ഐ.എസ്.എഫ് ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
രാജ്യത്തെ ഏറ്റവും തിരക്കേറിയ 11 ാമത്തെ വിമാനത്താവളമായ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്കുള്ള ദൂരം 363.55 കി.മിയും മാലിയിലേക്കുള്ള ദൂരം 584.31 കി.മിയുമാണ്.
Post Your Comments