ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ ആശങ്ക തുടരുന്നതായി സോഷ്യല്‍മീഡിയ. അപ്പോളോ ആശുപത്രി അധികൃതരും സര്‍ക്കാരും അസുഖത്തെ കുറിച്ച് വിട്ട് പറയാന്‍ മടിയ്ക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ തന്നെ ഈ പണി ഏറ്റെടുത്തിരിക്കുകയാണ്. ജയലളിതയുടെ യഥാര്‍ത്ഥ രോഗ വിവരങ്ങള്‍ ആറും പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജയലളിതയുടേതെന്ന നിലയില്‍ വ്യാജ ഫോട്ടോയും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സോഷ്യല്‍ മീഡിയയില്‍ ലോകം മുഴുവനും പ്രചരിക്കുകയാണ്. ജയലളിതയ്ക്ക് മസ്തിഷ്‌കാഘാത മരണം സംഭവിച്ചുവെന്ന് പറഞ്ഞ് ഡോക്ടര്‍മാരുടെ ഫോണ്‍ സംഭാഷണം പോലും കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് പൊലീസ്. ഇത്രയൊക്കെയായിട്ടും ജയലളിത സുഖം പ്രാപിക്കുന്നു എന്നല്ലാതെ രോഗത്തെ കുറിച്ച് സര്‍ക്കാരോ എഐഎഡിഎംകെ യോ ഒന്നും പറയുന്നില്ല.
ഓക്‌സിജന്‍ മാസ്‌കും മറ്റു ജീവന്‍രക്ഷാ സഹായികളുമായി തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന സ്ത്രീയുടെ ചിത്രമായിരുന്നു കഴിഞ്ഞദിലവസം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നത്. വാട്‌സാപ് ഗ്രൂപ്പുകളില്‍ ചിത്രം ചര്‍ച്ചാവിഷയമായി. എന്നാല്‍ അന്വേഷണത്തില്‍ ഇത് സൗത്ത് അമേരിക്കയിലെ പെറുവിലുള്ള ആശുപത്രിയില്‍നിന്നുള്ള ദൃശ്യമാണെന്നാണ് കണ്ടെത്തി. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് വഴിയാണ് ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. 2009 ഓഗസ്ത് 20ന് പെറുവില്‍നിന്ന് പുറത്തുവിട്ടതാണ് ചിത്രം. അവിടുത്തെ എസല്യൂഡ് ആശുപത്രിയിലെ ദൃശ്യമാണിത്. എസല്യൂഡ് ആശുപത്രിയിലെ ഐ.സി.യു. ബെഡ് എന്ന അടിക്കുറിപ്പുമായി ചിത്രം വെബ്‌സൈറ്റില്‍ വന്നിരുന്നു. പെറുവിലെ റോക്കസ്റ്റര്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ചിത്രം പകര്‍ത്തിയതെന്നും വ്യക്തമാക്കുന്നുണ്ട്.
ചിത്രത്തിലുള്ള ചുമരില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ആശുപത്രിയുടെ പേര് മുദ്രണം ചെയ്തതായി കാണാം. കേരളത്തിലും കര്‍ണാടകയിലുമാണ് ഈ ചിത്രം കൂടുതലായി പ്രചരിച്ചത്. മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിയുന്ന ചിത്രം പുറത്തുവിടണമെന്ന ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. അതിനിടെ ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ജയയുടെ മരണ തീയതിയും പ്രത്യക്ഷപ്പെട്ടു. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 സെപ്റ്റംബര്‍ 30 ന് മരിച്ചെന്നാണ് വിക്കിപീഡിയയില്‍ വന്ന ‘പുതിയ വിവരം’.
ജയലളിത മരിച്ചതായ വ്യാജവാര്‍ത്ത നവമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ആറു മണി മുതല്‍ വൈകിട്ട് നാലു വരെയാണ് വിക്കിപീഡിയയില്‍ എഡിറ്റിങ് പ്രഹസനം തുടര്‍ന്നു കൊണ്ടിരുന്നത്. ചിലര്‍ മരണവിവരം സ്ഥിരീകരിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ ഒക്ടോബര്‍ ഒന്നിന് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തട്ടിവിട്ടു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിത ജീവിച്ചിരിക്കുന്നതായും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമുള്ള വിവരം വിക്കിപീഡിയ അഡ്മിന്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് തെറ്റായ വിവരം സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്. അങ്ങനെ അഭ്യൂഹങ്ങള്‍ക്ക് പുതിയ തലവും വന്നു.
അതിനിടെ ജയലളിതയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കവെ, അവര്‍ സുഖം പ്രാപിക്കുന്നതായി അണ്ണാ ഡിഎംകെ വ്യക്തമാക്കി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കഴിഞ്ഞ ദിവസം ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്ന് അറിയിച്ചതായും എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു. ജയലളിതയുമായി ഗവര്‍ണര്‍ സംസാരിച്ചിരുന്നു. അസുഖമുണ്ടെങ്കിലും ജയലളിത മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ദിവസവും കാണുന്നുണ്ട്. സര്‍ക്കാര്‍ പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സരസ്വതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യാവസ്ഥ സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പരത്തുകയാണ്. അത് വിശ്വസിക്കരുതെന്ന് സരസ്വതി പറഞ്ഞു.
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍ കഴിഞ്ഞ ദിവസം ആപ്പോളോ ആശുപത്രി പുറത്തിറക്കിയിരുന്നു. ചികിത്സയോട് ജയലളിത അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറങ്ങാത്തതും ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരം തരാന്‍ ആശുപത്രി അധികൃതരും എഐഎഡിഎംകെ നേതൃത്വവും തയ്യാറാവാഞ്ഞതും പലതര അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. 68കാരിയായ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മാദ്ധ്യമപ്രവര്‍ത്തകരാണ് ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
Post Your Comments