മീററ്റ്● ഞായറാഴ്ച രാജ്യമെങ്ങും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഹിന്ദുമഹാസഭ ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ അനച്ഛാദനം. അഖില ഭാരത ഹിന്ദു മഹാസഭയുടെ മീററ്റിലെ ഓഫീസ് വളപ്പിലാണ് ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചത്. 2014 ല്‍ അനാച്ഛാദനം ചെയ്യാനുള്ള ശ്രമം വിവാദമായിരുന്നു. പോലീസെത്തി ശ്രമം തടയുകയും ചെയ്തിരുന്നു.
ഗാന്ധിജയന്തി ദിവസം ‘ധിക്കാര്‍ ദിവസ്’ എന്ന പേരിലാണ് ഹിന്ദുരാജ്യ സ്ഥാപനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന ആചരിക്കുന്നത്.
2014 ല്‍ ഗോഡ്സെ പ്രതിമ സ്ഥാപിക്കാനുള്ള ഞങ്ങളുടെ ശ്രമം പോലീസ് തടസപ്പെടുത്തി. സംഭവം കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഞങ്ങള്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഗോഡ്‌സെയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ഇതിലും അനുയോജ്യമായ ദിവസം വേറെയില്ല. ഇന്ത്യക്കാരും ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ ആരാധിക്കാന്‍ തയ്യാറവണം-ഹിന്ദു മഹാസഭാ പ്രസിഡന്റ് അശോക് ശര്‍മ്മ പറഞ്ഞു.
ജയ്പൂരിലെ ശില്പികളാണ് രണ്ടടി ഉയരത്തില്‍, 50 കിലോഗ്രാം ഭാരമുള്ള ശിലാപ്രതിമ തീര്‍ത്തത്. ഹിന്ദുമഹാസഭ യു.പി യൂണിറ്റ് പ്രസിഡന്റ് യോഗേന്ദ്ര വര്‍മയാണ് പ്രതിമ മീററ്റിലെ ഓഫീസിലേക്ക് എത്തിച്ചത്. പ്രതിമ അനച്ഛാദനം ചെയ്ത ശേഷം അംഗങ്ങള്‍ പ്രതിമയെ ഷാളും ഹരവും അണിയിച്ചു.
പ്രതിമയ്ക്ക് 45,000 രൂപ ചെലവായതായും മുഴുവന്‍ പണവും താന്‍ തന്നെയാണ് നല്‍കിയതെന്നും യോഗേന്ദ്ര വര്‍മ പറഞ്ഞു.
ഗോഡ്‌സെയുടെ ആശയങ്ങളാണ് പിന്തുടരുന്നതെങ്കിലും ഗാന്ധി ആശയങ്ങളെ പുകഴ്ത്തുകയാണ് നാം ചെയ്യുന്നത്. ഗോഡ്‌സെയുടെ ആശയങ്ങളാണ് എല്ലാവരും പിന്തുടരുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം. ഉറിയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. അടുത്തിടെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് മറുപടി നല്‍കിയ നടപടി തുടരണമെന്നും അശോക് ശര്‍മ പറഞ്ഞു.
ജനുവരി 30ന് ഗാന്ധി കൊല്ലപ്പെട്ട (ഗാന്ധി സമാധി) ദിനം “അന്യായ ദിവസ്” ആയി ആചരിച്ച ഹിന്ദു മഹാസഭ മധുരപലഹാരങ്ങളും വിതരണം ചെയ്തിരുന്നു.
Post Your Comments