NewsGulf

എണ്ണ ഉത്പാദനം കുറയാൻ സാധ്യത; വിലയിൽ മാറ്റം വരും

കുവൈത്ത്: എണ്ണ ഉദ്പാദക രാഷ്ട്രങ്ങളുടെ സംഘടന ഒപെക് എണ്ണ ഉദ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. ഉദ്പാദനം പരിമിതപ്പെടുത്താനുള്ള തീരുമാനമെടുത്തത് അള്‍ജീരിയയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ്. എണ്ണ ഉദ്പാദനം പ്രതിദിനം 32.5-33.0 ദശലക്ഷം ബാരലായി കുറയ്ക്കും.വാര്‍ത്ത വന്നതോടെ എണ്ണവില അഞ്ചുശതമാനം കൂടി ബാരലിന് 48 ഡോളറായി. ഒപെക് ഉത്പാദനം കുറയ്ക്കുന്നത് 2008 നുശേഷം ഇതാദ്യമായാണ്.

ഖത്തര്‍ എണ്ണമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലെ അല്‍-സാദയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ആഗോളതലത്തിലെ എണ്ണവിലയിടിവ് നേരിടുന്നതിന് പ്രതിദിന എണ്ണ ഉദ്പാദനം പരിമിതിപ്പെടുത്തുന്നതിന് ഒപെക് അംഗരാജ്യങ്ങള്‍ യോഗത്തില്‍ ധാരണയിലെത്തി. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നത് കണക്കിലെടുത്താണ് ഉദ്പാദനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. ഉദ്പാദനം കുറയ്ക്കുന്നതോടെ എണ്ണവില കൂടുമെന്നാണ് വിലയിരുത്തുന്നത്.

ഉദ്പാദനം കുറയ്ക്കുന്നതോടെ പ്രതിദിന ഉദ്പാദനത്തില്‍ 7,50,000 ബാരല്‍ ക്രൂഡോയിലിന്റെ കുറവുണ്ടാകും. ഏറ്റവും വലിയ എണ്ണ ഉദ്പാദക രാജ്യങ്ങളായ ഇറാനും സൗദി അറേബ്യയും ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഇറാന്‍ ഉദ്പാദനം കുറയ്ക്കുകയാണെങ്കില്‍ സമാനമായ നടപടിയ്ക്ക് തയ്യാറാണെന്ന് സൗദി അറേബ്യ അറിയിച്ചു.

എണ്ണവിലയിടിവ് തുടരുമ്പോഴും ഒപെക് രാജ്യങ്ങള്‍ തമ്മില്‍ ഉദ്പാദനം കുറയ്ക്കുന്നതിന് അഭിപ്രായവ്യത്യാസത്തിലായിരുന്നു. കുവൈത്ത് ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. 2020 ആകുമ്പോഴേക്കും നിലവിലെ ശേഷി ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികളാണ് കുവൈത്ത് ആലോചിക്കുന്നത്. എന്നാല്‍ ഒാരോ രാജ്യങ്ങളും ഉത്പാദനത്തില്‍ എത്രമാത്രം കുറവാണ് വരുത്തേണ്ടതെന്ന കാര്യത്തില്‍ നവംബര്‍ അവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button