തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഉത്തരവ്. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ വന്‍ ലഹരിമരുന്ന് മാഫിയാ സംഘമെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണ് അന്വേഷണ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഗോവിന്ദച്ചാമിയുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും ലഹരിമരുന്ന് മാഫിയബന്ധത്തെക്കുറിച്ചും അന്വേഷിക്കും. ഇതിനായി മുംബൈ പോലീസിന്റെ സഹായം തേടുമെന്നും ഡിജിപി വ്യക്തമാക്കി.
ഗോവിന്ദച്ചാമിക്കു പിന്നില്‍ മലയാളികള്‍ ഉള്‍പ്പെട്ട മാഫിയയെന്നായിരുന്നു അഡ്വ. ബി.എ.ആളൂരിന്റെ വെളിപ്പെടുത്തല്‍. ഇവരാണു തനിക്കു പ്രതിഫലം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രയിനില്‍ മോഷണവും ലഹരിമരുന്ന് കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി. മുംബൈ പന്‍വേല്‍ കേന്ദ്രീകരിച്ചുള്ള സംഘത്തില്‍ മലയാളിയടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. ഇവരുടെ വിവിധ കേസുകളില്‍ താൻ ഇടപെട്ടിട്ടുണ്ട്. തന്റെയൊരു സുഹൃത്തുവഴിയാണ് ഇവരുമായുള്ള പരിചയം. ഈ സംഘത്തിലുള്ളവരുടെ കേസുകള്‍ നടത്തുകയും പലരെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ അന്വേഷിച്ചാണ് കേസ് നടത്താന്‍ പ്രാപ്തിയുള്ളവരെ സംഘം കണ്ടെത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പലപ്പോഴും തന്നെ കേസ് ഏല്‍പ്പിക്കാറുള്ളതെന്നും ആളൂര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ആദ്യമായാണ് ആളൂര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
Post Your Comments