2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക, 2016 ശതാബ്ദി കോപ്പ അമേരിക്ക – ലയണല്‍ മെസിയുടെ അര്‍ജന്‍റീന തുടര്‍ച്ചയായി തോറ്റ കിരീടപോരാട്ടങ്ങളാണിവ. 3 വര്‍ഷത്തിനിടയില്‍ മൂന്ന്‍ കിരീടങ്ങള്‍ കൈവിട്ട അര്‍ജന്‍റൈന്‍ ഫുട്ബോളിന്, ഇപ്പൊളിതാ ആശ്വാസമായി ഫുട്ബോളിന്‍റെ കുഞ്ഞന്‍പതിപ്പില്‍ നിന്നും ഒരു ലോകകിരീടം. ഒരു ടീമില്‍ അഞ്ച് പേര്‍ മാത്രം കളിക്കുന്ന ഫുട്ബോളിന്‍റെ കുഞ്ഞന്‍ പതിപ്പായ ഫുട്സാലിന്‍റെ ലോകകിരീടമാണ് അര്‍ജന്‍റീന സ്വന്തമാക്കിയിരിക്കുന്നത്.
കൊളംബിയയിലെ കാലിയിലുള്ള കൊളീസ്യോ എല്‍ പുയെബ്ലോ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന്‍ പുലര്‍ച്ചെ നടന്ന അത്യന്തം ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ 5-4 എന്ന സ്കോറിന് റഷ്യയെയാണ് അര്‍ജന്‍റീന കീഴടക്കിയത്. കളിയുടെ 15-ആം മിനിറ്റില്‍ സൂപ്പര്‍താരം എഡര്‍ ലിമയിലൂടെ റഷ്യയാണ് ആദ്യവെടി പൊട്ടിച്ചത്. പക്ഷേ, 20 സെക്കന്‍റുകള്‍ക്കുള്ളില്‍ അലമിറോ വാപൊറാക്കി അര്‍ജന്‍റീനയ്ക്ക് വേണ്ടി സമനില നേടി. 19-ആം മിനിറ്റില്‍ ലിയൊനാര്‍ഡോ കുസൊലീനോയിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനയ്ക്ക്, പക്ഷേ, രണ്ട് മിനിറ്റിനുള്ളില്‍ റഷ്യ മറുപടി കൊടുത്തു, വീണ്ടും എഡര്‍ ലിമയായിരുന്നു റഷ്യയുടെ സ്കോറര്‍.
തുടര്‍ന്ന്‍ രണ്ടാം പകുതിയുടെ ആദ്യ രണ്ട് മിനിറ്റുകളിലും അലന്‍ ബ്ലാന്‍ഡി അര്‍ജന്‍റീനയ്ക്ക് വേണ്ടി നിറയൊഴിച്ചു. അര്‍ജന്‍റീന വിജയത്തിലേക്ക് നീങ്ങുന്ന അവസരത്തില്‍ റഷ്യ ഗോള്‍കീപ്പറെയടക്കം അക്രമണത്തിന് നിയോഗിച്ചു. ഈ സമയം അര്‍ജന്‍റൈന്‍ പോസ്റ്റിന് സമീപം വച്ച് റഷ്യയില്‍ നിന്നും ബോള്‍ തട്ടിയെടുത്ത കോണ്‍സ്റ്റന്‍റീനോ വാപൊറാക്കി ഒഴിഞ്ഞുകിടന്ന റഷ്യന്‍ പോസ്റ്റിലേക്ക് ബോള്‍ തൊടുത്ത് അര്‍ജന്‍റീനയുടെ അഞ്ചാം ഗോള്‍ നേടി. തുടര്‍ന്ന്‍ അക്രമണം കനപ്പിച്ച റഷ്യ അവസാന നിമിഷങ്ങളില്‍ ദിമിത്രി ലിസ്കോവിലൂടെയും, എഡര്‍ ലിമയിലൂടെയും രണ്ട് ഗോള്‍ മടക്കിയെങ്കിലും തുടര്‍ന്ന്‍ ഗോള്‍ വഴങ്ങാതെ നിന്ന അര്‍ജന്‍റീന കിരീടം തങ്ങളുടെ കൈപ്പിടിയിലൊതുക്കി. എഡര്‍ ലിമ റഷ്യയ്ക്കായി ഹാട്രിക്ക് നേടി.
Post Your Comments