
റിയാദ്: എണ്ണവരുമാനം വൻതോതിൽ കുറഞ്ഞതോടെ സൗദി അറേബ്യ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നു. സൗദി മന്ത്രി സഭായോഗം മന്ത്രിമാരുടെയും ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെയും ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചു. ഇന്നു ഭരണാധികാരി സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ദേശീയ ടെലിവിഷനായ അല്‍ ഇഖ്ബാരിയയാണ് പുറത്തുവിട്ടത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും സാമ്പത്തിക സഹായങ്ങളും നിര്‍ത്തിവെയ്ക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തിരുമാനം. മന്ത്രി സഭാ യോഗം മന്ത്രിമാരുടെ 20 ശതമാനം ശമ്പളവും പരമോന്നത സഭയായ ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ 15 ശതമാനം ശമ്പളവും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടുളള ലാന്റ് ഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ബില്ലുകള്‍ മന്ത്രിമാര്‍ സ്വയം വഹിക്കണം. വീട്ടാവശ്യത്തിനും വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക അലവന്‍സില്‍ കുറവ് വരുത്തും. കാര്‍ വാങ്ങുന്നതിനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ഡ്രൈവറെ നിയമിക്കുന്നതിനും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അലവന്‍സിലും പതിനഞ്ച് ശതമാനം കുറവ് വരുത്തും. അടുത്ത വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അലവന്‍സ് വിതരണം ചെയ്യില്ല. എന്നാല്‍ അതിര്‍ത്തിയിലും വിദേശങ്ങളിലും സൈനിക സേവനം നടത്തുന്നവര്‍ക്ക് അലവന്‍സ് അനുവദിക്കും.
Post Your Comments