NewsInternational

ഉറി ആക്രമണം : ഇന്ത്യയോടും പാകിസ്ഥാനോടും നിലപാട് വ്യക്തമാക്കി യു.എസ്

വാഷിങ്ടണ്‍ : രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെടണമെന്ന് യു.എസ്. ഇത് നിലവിലുള്ള സംഘര്‍ഷാവസ്ഥ കുറയ്ക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തല്‍.

ദക്ഷിണേഷ്യയുടെ  സുസ്ഥിരവും, ജനാധിപത്യപരവും, സമ്പല്‍സമൃദ്ധവുമായ വികസനം ലക്ഷ്യമിട്ട് ഇന്ത്യാ- പാക്ക് ബന്ധം വളര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും എക്കാലവും ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് യു.എസിന്റേത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രതിനിധികള്‍ ഈ ലക്ഷ്യത്തോടെ നടത്തുന്ന ചര്‍ച്ചകളേയും എക്കാലവും യു.എസ് പിന്തുണച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരസ്പര സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ടുകൊണ്ടു പോകുന്നതാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും നല്ലതെന്നാണ് ദീര്‍ഘകാലമായുള്ള യു.എസ് നിലപാട്. അതുകൊണ്ടു തന്നെ സംഘര്‍ഷം കുറയ്ക്കുന്നതിന് ഇരു രാജ്യങ്ങളും നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനെ യു.എസ് പ്രോത്സാഹിപ്പിക്കുമെന്നും വക്താവ് അറിയിച്ചു
.
ജമ്മു കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഭീകരര്‍ ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ചതാണ് ഇന്ത്യ-പാക്ക് ബന്ധത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഈ മാസം 18ന് ഉണ്ടായ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാക്ക് പിന്തുണയോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് ഇന്ത്യയുടെ ആരോപണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് നടത്തിയ പ്രസംഗത്തിലും പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്നാല്‍, ഇതിലൊന്നും പങ്കില്ലെന്നാണ് ഇപ്പോഴും പാക്ക് നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button