KeralaNews

കൊച്ചിക്കാരുടെ കുടിവെള്ളത്തില്‍വിഷം കലക്കി സ്വകാര്യകമ്പനി:വീഡിയോ പുറത്ത്

കൊച്ചിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയ്ക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന വിധത്തിലുള്ള വ്യവസായശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുമായി പരിസ്ഥിതിപ്രവര്‍ത്തകര്‍ രംഗത്ത്.കഴിഞ്ഞ കുറേക്കാലങ്ങളായി പെരിയാര്‍ നിറം മാറിയൊഴുകുന്നത് പതിവാണ്.കാരണം അന്വേഷിച്ചാല്‍ ചെന്ന് നില്‍ക്കുന്നത് ഇരുട്ടിന്റെ മറവില്‍ പെരിയാറിലേയ്ക്ക് തള്ളിവിടുന്ന രാസമാലിന്യങ്ങളുടെ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളിലേയ്ക്കാണ്.

കരിമണല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വ്യവസായി ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്‍ കമ്പനി പെരിയാറിലേയ്ക്ക് ലക്ഷക്കണക്കിനു ലിറ്റര്‍ രാസവിഷമാലിന്യം ഒഴുക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഇടയാറിലെ സിഎംആര്‍എല്‍ കമ്പനിയുടെ ഔട്ട്‌ലെറ്റിലൂടെയാണു രാസവിഷമാലിന്യം പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്. ഫെറസ് ക്ലോറൈഡ് കലര്‍ന്ന മാലിന്യമാണു കമ്പനി പുഴയിലേക്ക് തള്ളുന്നത്. ഇന്നലെ രാത്രി പരിസ്ഥിതി പ്രവര്‍ത്തകര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തുകയും മാലിന്യമൊഴുക്കുന്നതു ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

1997 മുതല്‍ 23 തവണ പെരിയാര്‍ ചുവന്നൊഴുകിയിട്ടുണ്ട്. വിഷമാലിന്യത്തിലുള്ള ഫെറസ് ക്ലോറൈഡും വെള്ളത്തിലെ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴാണു ജലത്തിന്റെ നിറം മാറുന്നത്. ഇല്‍മനൈറ്റ് സംസ്‌കരിച്ച് സിന്തറ്റിക് റൂട്ടെയ്ല്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഉപോത്പന്നങ്ങളാണ് ഫെറിക് ക്ലോറൈഡും ഫെറസ് ക്ലോറൈഡും. ഇങ്ങനെ കെട്ടിക്കിടക്കുന്ന ഫെറസ് ക്ലോറൈഡാണ് വന്‍ തോതില്‍ പുഴയിലേക്കൊഴുക്കി വിടുന്നത്.ഫെറസ് ക്ലോറൈഡിന്റെ പിഎച്ച് മൂല്യം 3.5 ആണ്. അസിടിക് ആയതിനാല്‍ ജലത്തിലെ സൂക്ഷ്മജീവികളെ ഇതു വേഗത്തില്‍ നശിപ്പിക്കും.സ്ലോ പോയ്‌സണ്‍ ആയതിനാല്‍ മത്സ്യങ്ങളുള്‍പ്പെടെയുള്ളവ അത്ര വേഗം ചത്തൊടുങ്ങില്ല. പത്തു വര്‍ഷത്തോളമായി വന്‍തോതില്‍ മാലിന്യം കലരുന്നതിനാല്‍ ഈയടുത്തു നിരവധി മത്സ്യങ്ങല്‍ പെരിയാറില്‍ ചത്തു പൊങ്ങിയതു വാര്‍ത്തയായിരുന്നു.

കൊച്ചിന്‍ സര്‍വ്വകലാശാലയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെതും ഉള്‍പ്പെടെ നൂറോളം ഗവേഷണ പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.പെരിയാറിന്റെ ആവാസ വ്യവസ്ഥ തകര്‍ന്നെന്നു ചൂണ്ടിക്കാണിക്കുന്നവയായിരുന്നു അവയെല്ലാം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലും പെരിയാറിലേക്കു നേരിട്ട് മാലിന്യമൊഴുക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നിട്ടും ഉന്നത സ്വാധീനമുള്ള കമ്പനിയെ തൊടാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്.

പെരിയാറില്‍ നിന്നു പമ്പ് ചെയ്‌തെടുക്കുന്ന ജലമാണ് എറണാകുളം ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 80 ശതമാനം ജലവും ശുദ്ധീകരിക്കുന്നത് ആലുവയില്‍ നിന്നാണ്. ആറ്റുമണല്‍ ബെഡിലേക്ക്(SAND FILTER) വെള്ളം കടത്തിവിട്ടു ക്ലോറിനേറ്റ് ചെയ്താണു ശുദ്ധീകരണം. വെള്ളത്തില്‍ ലയിക്കുന്ന രാസവസ്തുക്കള്‍ ശുദ്ധീകരണ പ്രക്രിയയില്‍ അരിച്ചുമാറ്റന്‍ കഴിയില്ല. അതിനാല്‍ ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ കലരാനുള്ള സാധ്യത ഏറെയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ പറയുന്നു. ലെഡ്, കാഡ്മിയം, കോപ്പര്‍ തുടങ്ങിയ വിഷവസ്തുക്കളും പുഴയിലേക്കൊഴുക്കുന്ന മാലിന്യത്തിലുണ്ട്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിതരണം ചെയ്ത വെള്ളത്തില്‍ ഉപ്പുരുചി അനുഭവപ്പെട്ടിരുന്നു. ശുദ്ധീകരിച്ച ശേഷവും കുടിവെള്ളത്തില്‍ ഉപ്പു കലര്‍ന്നിട്ടുണ്ടെങ്കില്‍ രാസവസ്തുക്കള്‍ വെള്ളത്തില്‍ ലയിക്കാനും എളുപ്പമാണ്.

മുമ്പു നിരവധി തവണ പെരിയാര്‍ ചുവന്നൊഴുകിയിട്ടും, മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിട്ടും വിഷവസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു കഴിഞ്ഞിരുന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സാംപിള്‍ ശേഖരിച്ചു പോയതല്ലാതെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളെടുക്കാന്‍ വൈകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button