കൊച്ചി: കൊച്ചി മെട്രോ അതിവേഗം പരീക്ഷണ ഓട്ടം നടത്തി. നിര്‍മാണം ആരംഭിച്ച് 1205 ദിവസങ്ങള്‍ കൊണ്ട് 13 കിലോമീറ്റര്‍ പാതയില്‍ കൊച്ചി മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്(ഡി.എം.ആര്.സി) ചരിത്രം കുറിച്ചത്. ഇന്നലെ മൂന്നരയോടെയായിരുന്നു മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള പാതയില്‍ പരീക്ഷണ ഓട്ടം.
മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തിലാണ് ഓട്ടം തുടങ്ങിയത്. ക്രമേണ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിച്ചു. കൊച്ചി മെട്രോ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ദൈര്‍ഘ്യമേറിയ മെട്രോ റെയില്‍ പദ്ധതിയെന്ന നേട്ടവും സ്വന്തമാക്കി. മുട്ടത്തുനിന്ന് എറണാകുളത്തേക്കുള്ള മെട്രോപാതയുടെ ഇടതുവശത്തെ ട്രാക്കിലാണ് (അപ്ലൈന്‍) ട്രെയിന്‍ ഓടിച്ചത്.
പിന്നീട് മറുവശത്തെ പാതയില്‍ (ഡൗണ്‍ലൈന്‍) പരീക്ഷണ ഓട്ടം നടത്തും. ട്രെയിന്‍ ഡൗണ്ലൈനിലേക്കു മാറ്റുന്നത് സമയ നഷ്ടത്തിന് കാരണമാകുന്നതിനാലാണ് ഇന്നലെ ഈ ലൈനില്‍ പരീക്ഷണഓട്ടം നടത്താതിരുന്നതെന്ന് ഡി.എം.ആര്.സി. അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച്, ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്ഗനൈസേഷന് (ആര്.ഡി.എസ്.ഒ) അധികൃതരുടെ മേല്‍നോട്ടത്തില്‍ വരും ദിവസങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഓട്ടം ഒക്ടോബര്‍ വരെയുണ്ടാവും.
മെട്രോ ട്രെയിനിന്റെ ആദ്യ പരീക്ഷണഓട്ടം ഫെബ്രുവരി 27 ന് മുട്ടം മുതല്‍ കളമശേരിവരെയാണ് നടന്നത്. മാര്‍ച്ചില്‍ ഇത് ഇടപ്പള്ളി വരെയുള്ള ആറര കിലോമീറ്റര്‍ മെട്രോ പാതയിലേക്കു നീട്ടി.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോ റെയിലിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഡി.എം.ആര്.സി. മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന് വ്യക്തമാക്കിയിരുന്നു.
Post Your Comments