ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തലനാരിഴയ്ക്ക് അനേകരുടെ ജീവന്‍ രക്ഷപ്പെട്ട ദുബായിലെ എമിറേറ്റസ് വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി ലഭിക്കുന്നതിന് നിയമനടപടികള്‍ ആരംഭിച്ചു. ഇതിനായി വിസ്‌നര്‍ ലാ ഫേം എന്ന സ്ഥാപനമാണ് നിയമനടപടികള്‍ക്കായി മുന്നില്‍ വരുന്നത്. വ്യോമയാന മേഖലയിലെ പല കേസുകളും കൈകാര്യം ചെയ്ത് പ്രശ്തരായ സ്ഥാപനമാണ് ഇത്. വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി നല്‍കുന്ന കേസുകളാണ് ഈ സ്ഥാപനം കൈകാര്യം ചെയ്തിട്ടുള്ളത്.
ദുബായ് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ പ്രയാസപ്പെട്ട എല്ലാ യാത്രികര്‍ക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഏഴായിരം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 4.67 ലക്ഷം രൂപ)വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. യാത്രികരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് രണ്ടായിരം ഡോളറാണ് (ഏകദേശം 1.33 ലക്ഷം രൂപ) വിമാനക്കമ്പനി കണക്കാക്കിയിരിക്കുന്നത്. അപകടത്തെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആള്‍ക്കും അയ്യായിരം ഡോളര്‍ (ഏകദേശം 3.33 ലക്ഷംരൂപ) വീതവും നല്‍കും. ഇതുസംബന്ധിച്ച് അന്ന് വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രികനും എമിറേറ്റ്‌സ് സന്ദേശം അയച്ചുകഴിഞ്ഞു.
ആഗസ്റ്റ് മൂന്നിനായിരുന്നു തിരുവനന്തപുരത്തുനിന്നു ദുബായിലേക്ക് 300 യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനം ക്രാഷ്‌ലാന്‍ഡ് ചെയ്തു തീപിടിച്ചത്. യാത്രക്കാരുടെ ബാഗേജുകള്‍ പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക കുറവാണെന്ന വാദവുമായാണ് ജനീവയിലെ അഭിഭാഷക സ്ഥാപനം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
ലാന്‍ഡിങ്ങിനിടെയാണു തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത്. യുഎഇ ഫെഡറല്‍ വ്യോമയാന അതോറിറ്റിയാണു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞിരുന്നു. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണു നിഗമനം. ലാന്‍ഡിങ്ങിന്റെ ഭാഗമായി ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടെങ്കിലും അപകടസാധ്യത മുന്നില്‍ക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, ചക്രങ്ങള്‍ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തീ പിടിച്ചയുടന്‍ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനകത്ത് കനത്ത പുക നിറഞ്ഞപ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റ് കാണാനാകാതെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയും ചെയ്തു. ഉടന്‍ ജീവനക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കുകയും യാത്രക്കാര്‍ക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു. ജീവനക്കാരില്‍ ഒരാള്‍ കനത്ത പുക ശ്വസിച്ച് അവശനിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം ഈസാ അല്‍ ബലൂഷി (27) മരിക്കുകയും ചെയ്തിരുന്നു. ജാസിമിന്റെ ധീരനടപടിയാണു യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃത്യത വരുത്തുന്ന പരിശോധന വിമാനക്കമ്പനി ഒഴിവാക്കിയിരുന്നു.
ഇതിനൊപ്പം പഴയ വിമാനമാണ് ഉപയോഗിച്ചതെന്ന വാദവും സജീവമായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനിയുടെ പിഴവാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിലാണ് നിയമ നടപടിക്ക് നീക്കമെന്നാണ് സൂചന.
Post Your Comments