KeralaNewsIndia

*ഉറി ആക്രമണം ഇന്ത്യ മറക്കില്ല, പൊറുക്കില്ല, മറുപടി നല്‍കും: *കേരളത്തെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കും; *ഏഷ്യയിലെ ഒരു രാജ്യം മാത്രം ഭീകരവാദം കയറ്റി അയക്കുന്നു; പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തിന്റെ പൂർണ്ണ രൂപം

 

കോഴിക്കോട്: ‘പ്രിയ സഹോദരീ സഹോദരന്‍മാരേ, എല്ലാവര്‍ക്കും നമസ്കാരം. സാമൂതിരിയുടെ മണ്ണിലെ വിശാലമായ സമ്മേളനത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍. നിങ്ങളെ നേരില്‍കാണാനായി ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്’- കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മലയാളത്തിൽ ആശംസകള്‍ അറിയിച്ചും കേരളത്തെ പ്രശംസിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. ഒപ്പം ഇന്ത്യ പാക് പ്രശ്നങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കശ്മീരിലെ ഉറിയില്‍ 18 ഇന്ത്യന്‍ ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയും പാകിസ്ഥാനും ഒരേ പോലെ ഉണ്ടായെങ്കിലും ഇന്ത്യ ഐ ടി കയറ്റി അയക്കുമ്പോൾ പാകിസ്ഥാന്‍ മറ്റെല്ലായിടങ്ങളിലേക്കും ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യയില്‍ എവിടെ തീവ്രവാദം ഉണ്ടായാലും ആരോപണങ്ങളെല്ലാം ഈ രാജ്യത്തിനെതിരെ മാത്രമാണ് ഉയരുന്നതെന്നും പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ മോദി കുറ്റപ്പെടുത്തി.

ഉറി ആക്രമണത്തെ ഇന്ത്യ മറന്നു കളയില്ലെന്നും അതിന് തക്കതായ മറുപടി നല്‍കുമെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടയില്‍ 17 ഭീകരാക്രമണങ്ങളാണ് രാജ്യത്തിനെതിരെ ഉണ്ടായത്. എന്നാല്‍ നമ്മുടെ സൈന്യം അവയെ സമര്‍ത്ഥമായി പരാജയപ്പെടുത്തി. ഇതിലൂടെ 110 തീവ്രവാദികളെ സൈന്യം വധിച്ചു. 17 ശ്രമങ്ങള്‍ക്കിടയില്‍ ഒരു തവണ മാത്രമാണ് അവര്‍ വിജയിച്ചത്. അതില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 17 എണ്ണവും വിജയിച്ചിരുന്നെങ്കില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു എന്ന് മോദി ചോദിച്ചു

ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയില്‍ എത്താന്‍ ശേഷിയുള്ള സംസ്ഥാനമാണ് കേരളമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ആത്മസമര്‍പ്പണം വെറുതെയാകാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. കേരളത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തന്നെ നേരിട്ട് നേതൃത്വം നല്‍കും – പ്രധാനമന്ത്രി പറഞ്ഞു. കേരളമെന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട്. ഇവിടെ ജീവിച്ചുമരിച്ച ഋഷിമാരും മുനിമാരും വിശുദ്ധരുമെല്ലാം ചേര്‍ന്ന് വളര്‍ത്തിയെടുത്ത സംസ്കാരം നിമിത്തം പവിത്രമായൊരു വികാരത്തോടെ മാത്രമേ കേരളത്തേക്കുറിച്ച്‌ ഓര്‍മിക്കാനാകൂ എന്നതാണ് വാസ്തവം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ഭൂമിയിലാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അന്ന് നമ്മുടെ മാധ്യമങ്ങള്‍ എത്രത്തോളം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാനും ജനസംഘത്തെക്കുറിച്ച്‌ എഴുതാനും താല്‍പര്യമെടുത്തിരുന്നു എന്ന് അറിയില്ല. എന്നാല്‍ ഇന്ന്, 125 കോടിയിലധികം ജനങ്ങളും ഒട്ടേറെ ഭാഷകളും സംസ്കാരങ്ങളും ഭക്ഷണ രീതികളുമുള്ള നമ്മുടെ രാജ്യത്തെ ഒന്നാം നമ്പര്‍ പാര്‍ട്ടിയായി ഭാരതീയ ജനതാ പാര്‍ട്ടി വളര്‍ന്നിരിക്കുന്നു. ഇതേ ഭാരതത്തിന്റെ അധികാരം കൈയാളാന്‍ അവര്‍ ബിജെപിയെ തിരഞ്ഞെടുത്തിരിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ രാജ്യത്ത് ജീവിച്ച മൂന്ന് മഹാ വ്യക്തികളുടെ, അവരുടെ രാഷ്ട്രീയ ചിന്തകളുടെ അവര്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് നമ്മുടെ രാജ്യത്തിന്റെ ഇന്നുള്ള വളര്‍ച്ച.മഹാത്മാ ഗാന്ധി, ദീന്‍ ദയാല്‍ ഉപാധ്യായ, റാം മനോഹര്‍ ലോഹ്യ. ഇവരാണ് ആ മഹാത്മാക്കൾ.എല്ലാവര്‍ക്കും വികസനം എന്ന സന്ദേശവുമായാണ് നാം മുന്നോട്ടു പോകുന്നത്. നമ്മുടെ രാജ്യത്തേക്കുറിച്ച്‌ ഏറെ വീക്ഷണങ്ങള്‍ പുലര്‍ത്തിയിരുന്ന ഒരു വ്യക്തിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ പൂര്‍വസായാഹ്നത്തിലാണ് നാം ഇവിടെ ഒരുമിച്ച്‌ ചേര്‍ന്നിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി നമ്മുടെ സമ്പദ് വ്യവസ്ഥ മാറിക്കഴിഞ്ഞു.

കോഴിക്കോട് കടപ്പുറത്താണ് പൊതു സമ്മേളനം നടന്നത്. ജനലക്ഷങ്ങളാണ് കോഴിക്കോട് ബിജെപിയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കാവിക്കൊടി പുതച്ചിരിക്കയാണ് കോഴിക്കോട് കടപ്പുറം. കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതായിരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രസംഗത്തില്‍ വ്യക്തമാക്കി. 15 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ കിട്ടിയത്. അതില്‍ നിന്ന് വളര്‍ന്ന് വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button