കൊച്ചി: ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ പ്രതിസന്ധിയാണ് പണമൊഴുക്ക് കുറയാൻ കരണമാകുന്നത്. സൗദി അറേബ്യ, കുവൈറ്റ് മേഖലകളിൽ കർശനമായി നടപ്പാക്കുന്ന സ്വദേശിവത്കരണവും പെട്രോളിയം മേഖലയിലെ പ്രതിസന്ധിയുമാണ് ഇന്ത്യൻ തൊഴിലാളികൾക്ക് തിരിച്ചടിയായത്.
കേരളത്തിലേക്ക് ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് പ്രവാസികൾ അയക്കുന്നത്. പക്ഷെ ഇക്കഴിഞ്ഞ കുറച്ചു നാളുകളായി സാഹചര്യങ്ങൾ മാറിവരികയാണ്. ഗൾഫിലെ സാമ്പത്തിക മാന്ദ്യവും, നിതാഖത്തും ചേർന്ന് സാമ്പത്തിക രംഗത്തെ പ്രവാസി നിക്ഷേപം തകർത്തിരിക്കുകയാണ്. നിക്ഷേപത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനം കുറഞ്ഞുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
എൻആർഐ നിക്ഷേപത്തിൽ 276.5 കോടി ഡോളർ മാത്രമാണ് ഈ കാലയളവിൽ വളർച്ചയുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 702.8 കോടി ഡോളർ വർധനയുണ്ടായിരുന്നു. സമീപകാലത്തതൊന്നും ഇത്തരത്തിൽ ഇടിവ് ഉണ്ടായിട്ടില്ല.
എൻആർഐ നിക്ഷേപത്തോടൊപ്പം എൻആർഇ നിക്ഷേപങ്ങളുടെ വർദ്ധനവിലും താഴ്ചയാണ് രേഖപെടുത്തിയിരിക്കുന്നയത്. 532.8 കോടി ഡോളറിൽനിന്ന് 289.1 കോടി ഡോളറിലേക്ക് താഴ്ന്നു. ഇവയ്ക്ക് പുറമെ എഫ്‌സിഎൻആർ( ഫോറിൻ കറൻസി നോൺ റസിഡന്റ്) നിക്ഷേപങ്ങൾ പിൻവലിക്കുന്നതും സാമ്പത്തികമായി സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്നു. യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള പ്രവാസികളായ ഇവർ രൂപ ഇനിയും താഴുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപങ്ങൾ പിൻവലിക്കുന്നതെന്ന് കണക്കാക്കുന്നു.
അടുത്ത മാസങ്ങളിൽ 2600 കോടി ഡോളറിന്റെ 2013ലെ എഫ്‌സിആർ നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാക്കും. അതോടെ അവ പിൻവലിക്കപെടുമ്പോൾ ഡോളർ നല്കാൻ റിസർവ് ബാങ്കിനു വിദേശനാണ്യ ശേഖരത്തെ ആശ്രയിക്കേണ്ടിവരും. അതോടെ രാജ്യത്തെ സാമ്പത്തിക രംഗം തളർച്ച നേരിടുമെന്ന് ഉറപ്പായിരിക്കുകയാണ്.
Post Your Comments