സ്വാതന്ത്ര്യലബ്ദിക്ക് ശേഷം കോണ്‍ഗ്രസിനെ പിരിച്ചുവിടാന്‍ മഹാത്മാഗാന്ധിക്കുണ്ടായിരുന്ന ആഗ്രഹത്തെ സാക്ഷാത്കരിക്കാനാണ് രാഹുല്‍ഗാന്ധി പരിശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിദ്ധ്യം കോണ്‍ഗ്രസിന്‍റെ വോട്ട്ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി ബിജെപിയെ സഹായിക്കുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
“മാഹാത്മാഗാന്ധിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു, സ്വാതന്ത്ര്യലബ്ദിക്ക് ശേഷം കോണ്‍ഗ്രസിനെ പിരിച്ചുവിടുക എന്ന സ്വപ്നം. അദ്ദേഹം കോണ്‍ഗ്രസ്-മുക്ത ഭാരതം ആഗ്രഹിച്ചു. രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഇപ്പോള്‍ ആ സ്വപ്നം സാക്ഷാത്കരിക്കാനായുള്ള പരിശ്രമത്തിലാണ്. ഗോവയിലെ കോണ്‍ഗ്രസുകാര്‍ തമ്മില്‍ത്തല്ലിലൂടെ ഇതിനായി നല്ലരീതിയില്‍ സംഭാവനകള്‍ നല്‍കിക്കൊണ്ടുമിരിക്കുന്നു,” ഗഡ്കരി പറഞ്ഞു.
2017-ലെ ഗോവാ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തൂത്തെറിയപ്പെടുമ്പോള്‍ മഹാത്മജിയുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ ആരംഭമാകുമെന്നും ഗഡ്കരി പറഞ്ഞു. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരേസ്കറും സന്നിഹിതനായ വേദിയില്‍ വച്ചാണ് ഗഡ്കരി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഗോവയിലെ പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരാനുള്ള ഊര്‍ജ്ജിതശ്രമങ്ങളിലാണെന്നും ഗഡ്കരി അവകാശപ്പെട്ടു.
Post Your Comments