
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ തടവില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതി വരെ കേസ് നടത്താനുള്ള സാമ്പത്തിക സ്രോതസിനെക്കുറിച്ച് വിജിലന്‍സ് ഡയറക്ടറും പൊലീസ് മേധാവിയും അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഗോവിന്ദച്ചാമിയെ കുറിച്ച് പ്രചരിക്കുന്ന കഥകളല്ലാതെ അയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലെന്ന് പരാതിയില്‍ പറയുന്നു. ലക്ഷങ്ങള്‍ മുടക്കിയാണ് കേസ് നടത്തുന്നത്. ഇതിനുള്ള സാമ്പത്തികം ആരാണ് ഗോവിന്ദ ചാമിക്ക് നല്കുന്നതെന്നറിയണം,വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ പരിശോധിക്കണം, ഗോവിന്ദച്ചാമിയെ സഹായിക്കുന്നവര്‍ ആരെന്ന് കണ്ടെത്തിയാല്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന ആവശ്യം പരിഗണിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശിച്ചു.
Post Your Comments