ന്യൂഡല്‍ഹി : കശ്മീരിലെ ഉറിയിലെ പട്ടാള ക്യാംപില്‍ ഭീകരാക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദ് ഭീകരരല്ല, ലഷ്കറെ തോയിബ ഭീകരരാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) . ജയ്ഷെ മുഹമ്മദ് ഭീകരരാണ് പട്ടാള ക്യാമ്പില്‍ ആക്രമണം നടത്തിയതെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ ആദ്യ നിഗമനം. പട്ടാള കേന്ദ്രത്തിന്റെ അതിര്ത്തിവല മുറിച്ച് അകത്തുകടന്ന നാലു ഭീകരര്‍ സൈനികരെ അടുക്കളയിലും സ്റ്റോര്‍റൂമിലും പൂട്ടിയിട്ടശേഷം തീയിടുകയായിരുന്നുവെന്നും എന്‍.ഐ.എ വെളിപ്പെടുത്തി.
ഭീകരര്‍ക്കു സ്ഥലത്തെക്കുറിച്ചും കെട്ടിടങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ആക്രമണം നടത്തിയ ഭീകരര്‍ ഒരു ദിവസം ക്യാംപിനു മുകളിലുള്ള മലകളില്‍ ഒളിച്ചിരുന്നിട്ടുണ്ടാവുമെന്നും ഇവിടെയിരുന്ന് സൈനിക കേന്ദ്രം നിരീക്ഷിച്ചിരിക്കാമെന്നുമാണ് എന്‍.ഐ.എ നിഗമനം.
ഭീകരര്‍ക്ക് പട്ടാള ക്യാംപിനുള്ളില്നിന്നു സഹായം ലഭിക്കാനുള്ള സാധ്യതയും എന്‍.ഐ.എ തള്ളിക്കളയുന്നില്ല. അടുക്കളയ്ക്കും സ്റ്റോര്റൂമിനും തീയിട്ടശേഷം രണ്ടു ഭീകരര്‍ ഓഫിസര്‍മാരുടെ ക്വാര്‍ട്ടേഴ്സുകളുടെ ഭാഗത്തേക്കു പോയെങ്കിലും ഇവരെ സൈനികര്‍ വെടിവച്ചുവീഴ്ത്തുകയായിരുന്നുവെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
ഭീകരരില്‍നിന്നു രണ്ടു ജിപിഎസ് ഉപകരണങ്ങള്‍ കിട്ടിയിരുന്നു. ഇതില്‍ ഒരെണ്ണം പൂര്‍ണമായി നശിച്ചനിലയിലാണ്. രണ്ടാമത്തേതില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. ഭീകരര്‍ പാക്കിസ്ഥാനില്‍നിന്നു പുറപ്പെട്ടവരാണ് എന്നു തെളിയിക്കാനുള്ള നിര്‍ണായക വിവരം ഇതില്‍നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ. ദേശീയ സാങ്കേതിക ഗവേഷണ സംഘടനയിലെ എന്‍ജിനീയര്‍മാര്‍ വിവരങ്ങള്‍ പുറത്തെടുക്കാനുള്ള തീവ്ര ദൗത്യത്തിലാണ്.
Post Your Comments