വാട്ട്സാപ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയുമായി ഗൂഗിള്‍ അലോ എത്തി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണ് അലോ എന്ന് കമ്പനി വ്യക്തമാക്കി. അലോ മെസേജിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം പേഴ്സണല്‍ അസിസ്റ്റന്റ് എന്ന നിലയിലും ഉപകരിക്കുന്നതാണ് . ഇത് പ്രവര്‍ത്തിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തിലാണ്. ആപ്പിൽ സ്മാര്‍ട്ട് റിപ്ലൈ, ഫോട്ടോ ഷെയറിങ്, ഇമോജികള്‍, സ്റ്റിക്കറുകള്‍ എന്നിവയുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് 200ല്‍ അധികം ഇന്ത്യന്‍ കലാകാരന്മാരുടെ സ്റ്റിക്കറുകളും ആപ്പിലുണ്ട്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഗൂഗിള്‍ അലോ പ്രഖ്യാപിച്ചത്.
ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ ഇടയ്ക്ക് മുറിയാതെ സംരക്ഷിക്കുക എന്നതാണ് അലോയുടെ ദൗത്യമെന്ന് ഗൂഗിള്‍ പ്രോഡക്‌ട് മാനേജര്‍ അമിത് ഫുലേ പറഞ്ഞു. ഇന്ന് മെസേജിങ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ മിക്കപ്പോഴും നമ്മുടെ സംഭാഷണങ്ങള്‍ക്ക് തടസ്സം വരുന്നു. ഇതിന് പരിഹാരമായിട്ടാണ് അലോ എന്ന് അമിത് ഫുലേ പറഞ്ഞു.
അതേസമയം തുടക്കത്തില്‍ അലോ ആപ്പിനോട് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍. കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തി വാട്ട്സ്‌ആപ്പിനു പകരമാകുകയാണ് അലോയുടെ ലക്ഷ്യം.
Post Your Comments