ഉറി ആക്രമണത്തെ തുടര്‍ന്ന് ‘കൊല്ലെടാ,ചാവെടാ’ രീതിയിലുള്ള ആഹ്വാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എവിടെ നോക്കിയാലും. ഇങ്ങോട്ട് വേലി പൊളിച്ചു കയറിയ അയല്‍ക്കാരനെ അങ്ങോട്ട് വീട്ടില്‍ കയറി തല്ലാന്‍ പറയുന്ന ലാഘവത്തോടെയാണ് പലരും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെയും കാണുന്നത്. യുദ്ധം മാത്രമാണ് പോം വഴി എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ രാജ്യത്തിന് ഗുണത്തിന് പകരം ദോഷമാണ് ചെയ്യുന്നത്.
ദേശീയത, രാജ്യസ്നേഹം എന്നൊക്കെ പറയുന്നത് അതിര്‍ത്തിയില്‍ സൈനികന്‍ മരിയ്ക്കുമ്പോള്‍ മാത്രം ഉണരുന്ന ഈ ‘തിരിച്ചടി ആവേശത്തിന്’ പറയുന്ന പേരല്ല. ആണവ ശക്തിയുള്ള ഒരു രാജ്യവുമായി യുദ്ധത്തിനു ഒരുങ്ങുന്നതിനു മുന്‍പ് ആലോചിക്കേണ്ട പല കാര്യങ്ങളുമുണ്ട്. യുദ്ധം ചിരി മായ്ച്ചു കളഞ്ഞ നിരവധി രാജ്യങ്ങളുടെ ദുരിതകഥകള്‍ ചരിത്രത്തിന്‍റെ വഴികളിലുണ്ട്, നമ്മുടെ മുന്നിലുണ്ട്. കുപ്പിയില്‍ നിന്ന് തുറന്നുവിടുന്ന ഭൂതമാണ് അത്. മറ്റേ അറ്റം കാണാത്ത ഒരു തിരിയുടെ ഒരു അറ്റത്ത് തീ കൊളുത്തുന്നത് പോലെയാണ് അത്. അവസാനത്തെ പ്രതിരോധ ഉപാധി എന്നല്ലാതെ ഒരു ജനതയുടെയോ കുറച്ച് ആളുകളുടെയോ ആവേശത്തിന്റെ പുറത്ത് ഒരു രാജ്യത്തെ കൊലയ്ക്ക് കൊടുക്കാനുള്ള തീരുമാനമായിരിയ്ക്കരുത് യുദ്ധം എന്നുപറയുന്നത്.
രാജ്യങ്ങളെ വരെ വിലയ്ക്ക് വാങ്ങാവുന്നത്ര വിലയുള്ള ആയുധങ്ങളാണ് പല രാജ്യങ്ങളുടെയും രഹസ്യകേന്ദ്രങ്ങളില്‍ പരീക്ഷണപ്രയോഗം കാത്ത് കെട്ടിക്കിടക്കുന്നത്. യുദ്ധം ഉണ്ടാവേണ്ടത് സംഘര്‍ഷങ്ങള്‍ അനുഭവിയ്ക്കുന്ന ജനതയെക്കാള്‍, ആ രാജ്യങ്ങളേക്കാള്‍, മറ്റു പലരുടെയും ആവശ്യവുമാണ്. ലോകമഹായുദ്ധങ്ങള്‍ നാശങ്ങള്‍ അല്ലാതെ ഒരു പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമായിട്ടില്ല ഇന്നുവരെ.
യുദ്ധം ആദ്യത്തെയല്ല, അവസാനത്തെ പരിഹാരമാര്‍ഗ്ഗമാണ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ എന്ന രാഷ്ട്രത്തെ ഒറ്റപ്പെടുത്തണം. അതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ആക്രമിയ്ക്കപ്പെടാവുന്ന ‘അയല്‍രാജ്യസാദ്ധ്യതകള്‍’ ഉള്ള ഒരു രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് വീണ്ടും വീണ്ടും കടന്നു കയറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ ആ പഴുതുകള്‍ കണ്ടെത്തി പരിഹരിയ്ക്കാനാണ് ആദ്യം നോക്കേണ്ടത്. കപ്പലില്‍ തന്നെയുള്ള കള്ളന്മാരെ കണ്ടെത്തണം. യുദ്ധം അവസാനത്തെ മാര്‍ഗ്ഗമാകുമ്പോള്‍, അതിനു രാജ്യം സജ്ജമാകുമ്പോള്‍ മാത്രം ആ വഴി സ്വീകരിയ്ക്കുന്നതാണ് വിവേകം. അത് ഭീരുത്വമല്ല.
ഈ പറയുന്നത് രാജ്യം കാക്കാന്‍ അതിര്‍ത്തിയില്‍ മരിച്ചു വീഴുന്ന സൈനികരോടുള്ള അനാദരവ് അല്ല. സ്വന്തം വീടും നാടും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ചും അതിര്‍ത്തിയില്‍ കാവല്‍ കിടന്നും അവര്‍ രക്തസാക്ഷികള്‍ ആയത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കും നിലനില്‍പ്പിനും വേണ്ടിയാണ്. ആ രക്തത്തിന് പകരം വീട്ടേണ്ടത് ഇനിയുമൊടുങ്ങാത്ത ആ ഭീഷണിയ്ക്ക് സ്ഥായിയായ ഒരു പരിഹാരം കണ്ടുകൊണ്ടാണ്. എടുത്തുചാട്ടം കൊണ്ടല്ല. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല.
Post Your Comments