തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി എത്തുന്നു. എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കും. എല്ലാവര്‍ക്കും എന്നു ഉദ്ദേശിച്ചത് ആര്‍ക്കൊക്കെ? എങ്ങനെ എന്നൊക്കെയാണ് പലരുടെയും ചോദ്യം. വീടില്ലാത്തവര്‍ക്കാണ് പിണറായി സര്‍ക്കാര്‍ താമസസ്ഥലം ഒരുക്കുന്നത്. അഞ്ചുകൊല്ലം കൊണ്ട് ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് ഇത് ലഭ്യമാകും എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്.
രണ്ടുലക്ഷത്തോളം പേര്‍ക്ക് വീടില്ലാത്തവസ്ഥയുണ്ടെന്നാണ് കണക്ക്. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. Livelihood, Inclusion, Financial Empowerment(LIFE) എന്നാണ് ഭവന പദ്ധതിയുടെ പേര്. നവംബര്‍ ഒന്നുമുതല്‍ ഇതിന്റെ നടപടികള്‍ തുടങ്ങും. തദ്ദേശസ്വയംഭരണ -സാമൂഹികക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.
വീട് നല്‍കുക മാത്രമല്ല, ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നല്‍കുക, സാമ്പത്തികമായി ശാക്തീകരിക്കുക എന്നിവയും നല്‍കുന്നതായിരിക്കും. വെദ്യുതി, വെള്ളം, ശുചിത്വസൗകര്യം, പാചക ഇന്ധനം, സുരക്ഷ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. കൂടാതെ കുട്ടികള്‍ക്കുള്ള ക്രഷ് മുതല്‍ പാലിയേറ്റീവ് കെയര്‍ വരെ ഒരുക്കുന്നതായിരിക്കും.
2.91 ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമിയുണ്ടായിട്ടും വീടില്ലാത്ത അവസ്ഥയാണ്. 4.70 ലക്ഷം കുടുംബങ്ങളെയാണ് ഈ പദ്ധതിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തത് 1.79 ലക്ഷം പേര്‍ക്കാണ്. ഗുണഭോക്താക്കളില്‍ ആദ്യ രണ്ടുവിഭാഗത്തിനും ആവശ്യമായ തുക പി.ഡബ്ല്യൂ.ഡി ഷെഡ്യൂള്‍ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും. 100 വീടുള്ള ഒരു കോംപ്ലക്‌സിന് 92 സെന്റാണ് കണക്കാക്കുന്നത്.
രണ്ടുലക്ഷത്തോളം പേര്‍ക്ക് 1140 ഏക്കര്‍ സ്ഥലം മാത്രം മതിയാകും. അങ്കണവാടി, സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സംവിധാനം, കോച്ചിങ് ക്ലാസ്, ഇംഗ്ലീഷ് -ഐടി പഠനത്തിന് ഊന്നല്‍, ആരോഗ്യ പരിരക്ഷ തുടങ്ങിയവ ലഭ്യമാക്കുന്നതായിരിക്കും. താമസിക്കാനല്ലാതെ വസ്തു കൈമാറ്റം ചെയ്യാന്‍ ഗുണഭോക്താവിന് അവകാശമുണ്ടാകില്ല. വാടകയ്ക്ക് കൊടുക്കാനുമാകില്ലെന്നാണ് പറയുന്നത്. വീടിന് ആവശ്യമാകുന്ന പണം 15-20 കൊല്ലം കൊണ്ട് അടച്ച് തീര്‍ക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
Post Your Comments