News Story

മനസ്സിൽ വർണ്ണങ്ങളാൽ കഥയും കവിതയുമെഴുതും ചിത്രങ്ങളുമായി ആർട്ടിസ്റ്റ് ഗിരീശൻ ഭട്ടതിരിപ്പാടിന്റെ ചിത്രപ്രദർശനം

ജ്യോതിര്‍മയി ശങ്കരന്‍

ആർട്ടിസ്റ്റ് ഗിരീശൻ ഭട്ടതിരിപ്പാടിന്റെ വർണ്ണ ശബളിമയാർന്ന നൂറിലധികം ചിത്രങ്ങളുടെ പ്രദർശനം വരയുടെ ചക്രവർത്തിയായ ആർട്ടിസ്റ്റ് നമ്പൂതിരി തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ ആർട്ടിസ്റ്റ് ഗണപതി പെരിങ്ങോട്, മാടമ്പു കുഞ്ഞുകുട്ടൻ, വി.കെ. ശ്രീരാമൻ തുടങ്ങി ഒട്ടനവധി വിശിഷ്ടവ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 18 മുതൽ 23 ലളിതകലാ അക്കാദമിയിൽ പ്രദർശനം തുടരും.

കടും പച്ചയും കിളിപ്പച്ചയും മഞ്ഞയും ഇളം തവിട്ടുനിറവും അൽ‌പ്പം നീലയും വയലറ്റും ചോപ്പും നിറങ്ങളിൽ കണ്ണഞ്ചിപ്പിയ്ക്കുന്ന വിധം പ്രകൃതിയുടെ കഥ പറയുന്ന ചിത്രങ്ങളെ കവിത വിരിയുന്ന ചിത്രങ്ങളെന്നു പറയുന്നതാവും ശരിയെന്ന് ചിത്രങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ തോന്നി. നിറങ്ങളുടെ സമഞ്ജസമായ സമ്മേളനവും സങ്കലനവും കടലാസ്സിൽ നൈഫ് പെയിന്റിംഗിന്റെ എടുത്തു കാട്ടലുകളിൽ കണ്ണിനു കുളിരേകി. ക്യാൻവാസ്സിൽ വിരിഞ്ഞ ചിത്രങ്ങളിലെ ഒളിഞ്ഞു നോക്കുന്ന മുഖങ്ങൾ മനസ്സിലുടക്കി നിന്നപ്പോൾ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനായില്ല.

വളരെയേറെ ശ്രദ്ധാപൂർവ്വം നൂറിലധികം ചിത്രങ്ങളാൽ തീർത്ത ഒരു ഹാരം. ഒരു നൂലിൽ കോർത്തെടുക്കും വിധം മനോഹരമായി 18* 15 ഇഞ്ചിൽ ഫ്രെയിമിൽ ഒതുക്കി നിർത്തിയ കടലാസിൽ അക്രിലിക്കിലെഴുതിയ കവിതകളിൽ Knife painiting ന്റെ ചാരുത ഏറെ ദൃശ്യമായി. നിറമെഴുന്ന മുത്തുകളാൽ തീർത്ത മാലകൾക്കിടയിലെ വ്യത്യസ്തതയാർന്ന വലിയ മുത്തുകളോ എന്നു തോന്നും വിധം 30*30, 48*24, 36*36, 24*24 ഇഞ്ചുകളുടെ ഫ്രെയിമുകളിൽ ക്യാൻവാസിൽ ഇടയിലിടയിലായി കാണപ്പെട്ട വലിയ ചിത്രങ്ങളും ഹാരത്തിനു ഭംഗി കൂട്ടി.

നിറങ്ങൾ മനുഷ്യ മനസ്സിൽ സൃഷ്ടിയ്ക്കുന്ന വികാരങ്ങൾ നമുക്കറിയാവുന്നതാണ്. അതും പ്രകൃതിയുടെ മുഖമുദ്രയായ പച്ചനിറമാകുമ്പോൾ മനസ്സിനു കുളിരേകും വിധം ഹൃദ്യമാകുന്നു.പച്ച വിരിച്ച പാടത്തേയും സുവർണ്ണ നിറമുള്ള പഴുപ്പാർന്ന നെൽക്കതിരുകളേയും ഓർമ്മിപ്പിയ്ക്കുന്ന നിറങ്ങളാൽ പ്രകൃതിയുടെ സമ്പന്നത നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടെന്നവണ്ണം ആദ്യ കാൻ വാസ്സിൽ ദൃശ്യമാകുന്ന പച്ചയിലകൾക്കിടയിൽ നിന്നും എത്തിനോക്കുന്ന ബാലകന്റെ മുഖത്തെ കൌതുകം പ്രകൃതിയെ കാണാനും അറിയാനും ഉൾക്കൊള്ളാനും നഷ്ടമായവയെ ഓർക്കാനും ചൂണ്ടിക്കാട്ടാനും തയ്യാറാകുന്ന ഈ കലാകാരന്റെ ഉള്ളിലെ മോഹം തന്നെയല്ലേ എന്നു തോന്നിപ്പോയി. ആദ്യ ക്യാൻവാസിൽ നിന്നും ഒരു പുഴയൊഴുകുന്ന വിധം നീണ്ടു പോകുന്ന ചെറുചിത്രങ്ങളിൽ പച്ചയും മഞ്ഞയും നിറക്കൂട്ടുകളാൽ സൃഷ്ടിയ്ക്കുന്ന കാടിന്റെ വഴികളിലൂടെ നീങ്ങിയപ്പോൾ സമാന വലുപ്പത്തിൽ നാലു കാന്വാസുകളിലൂടെ വിരിയുന്നൊരൊറ്റ ചിത്രമാകെ വാഴയിലകൾക്കിടയിലൂടെ പുറം ലോകത്തെ വിസ്മയത്തോടെ നോക്കുന്ന യുവാവും യുവതിയും ഇടയിലൂടെത്തി നോക്കുന്ന പശ്ചാത്തലത്തിന്റെ നീലനിറത്തിനുള്ളിലായ് കൌതുകം പകർന്നു.

Guru

കോറിഡോറിന്റെ ഇടത്തേയറ്റത്തായി നടുവിലായി കാൻവാസിൽ ഒരുക്കിയ സ്വപ്നം കാണുന്നൊരു പെണ്മുഖം വീണ്ടും പച്ച വാഴയിലകൾക്കിടയിൽ നിന്നും എത്തി നോക്കി .ഇടതും വലതുമായി നാലു ചെറിയ ചിത്രങ്ങളിൽ മാറുന്ന ജീവിതശൈലിയുടെ നിറമാറ്റങ്ങൾ പച്ചപ്പിനെ മാറ്റാൻ ശ്രമിയ്ക്കുന്ന മനുഷ്യമനസ്സിന്റെ പ്രതിരൂപങ്ങളായിത്തോന്നി.

കാടിന്റെ വൈവിധ്യമാർന്ന മുഖഭാവങ്ങളെയുൾക്കൊള്ളവേ ഹരിതനിറം പതുക്കെ മഞ്ഞയും സ്വർണ്ണ നിറവുമായി മാറുന്ന കാഴ്ച അവിസ്മരണീയം തന്നെ. പച്ചപിടിച്ച സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമെന്നോണം അവ സ്വർണ്ണവർണ്ണമിയന്നതാവാം. . പ്രകൃതി സ്വർണ്ണ വർണ്ണത്തിലൊരു ഗണപതിയായി ദർശനം തരുന്നുവോ? പച്ചയും മഞ്ഞയും കറുപ്പും കലർന്ന ഈറക്കാടുകളിൽ തീ നാമ്പുകൾ ആർത്തി കാണിയ്ക്കുന്നുവോ? എല്ലാം സ്വർണ്ണമയം! സായന്തനസൂര്യപ്രഭയോലുന്ന വിധം സ്വർണ്ണ നിറമാർന്ന വലുപ്പമേറിയ കാന്വാസിലെ ആൺകുട്ടിയും പെൺകുട്ടിയും സന്തുഷ്ടരായിക്കാണപ്പെടുന്നു. ഹരിതാഭ യുടെ കുളിർ വിട്ട് സ്വപ്ന സാഫല്യങ്ങളുടെ മധുരിമ നുണയുന്ന അവസ്ഥ.

അമൂർത്തമായ ഭാവങ്ങളേകുന്ന പ്രകൃതി ദൃശ്യങ്ങളിൽ വയലറ്റ് നിറത്തിന്റെ ഉപയോഗം അനന്തതയിലേയ്ക്കു നീളുന്നുവെന്നു തോന്നൽ തന്നു. അബ്സ്ട്രാക്ട് ആയ പല ചിത്രങ്ങളും പ്രകൃതിയുടെ ഭാവമാറ്റങ്ങളേയും മനുഷ്യന്റെ കടന്നുകയറ്റങ്ങളേയും തത്ഫലമായുണ്ടായ മാറ്റങ്ങളേയും പ്രതിഫലിപ്പിയ്ക്കും വിധം മനസ്സിന്റെ ഉള്ളറകളിൽ കടും നിറങ്ങളിൽ പ്രതിഫലിപ്പിയ്ക്കാനുള്ള ശ്രമം പ്രശംസാർഹം തന്നെ. പ്രതീക്ഷകൾ മുഴുവനായും അസ്തമിയ്ക്കുന്ന നേരവും മനുഷ്യൻ മനസ്സിൽ കെട്ടിപ്പൊക്കുന്ന നിറമുള്ള കൊട്ടാരങ്ങൾ . `നിറക്കൂമ്പാര‘മെന്നു പേരിടാവുന്ന കാൻ വാ സും അവയ്കു കൂട്ടായെന്നോണം ഇരുഭാഗത്തുമായി തൂക്കിയ അതേ നിറക്കൂട്ടുകളിൽ നിറഞ്ഞ കടലാസ് കവിതകളും ഒന്നു മനസ്സിലാക്കിത്തന്നു. മനുഷ്യൻ എന്നും നിറങ്ങൾക്കടിമ തന്നെ. നിറങ്ങൾ എത്ര വേഗം മനുഷ്യമനസ്സിനെ കീഴടക്കുന്നു!.അവ അനുഭൂതികളായി അലയടിച്ചു മനസ്സിനുള്ളിൽ നിന്നും പുറത്തേയ്ക്കൊഴുകുമ്പോൾ ജീവിതത്തിലെ ദുഃഖങ്ങൾ പോലും വിസ്മരിയ്ക്കപ്പെടുന്നു. തിരുവനന്തപുരം ചിത്ര ആർട്ട് ഗാല്ലറിയിലെ റോറിച്ച് പെയിന്റിംഗുകളിലെ നിറക്കൂട്ടുകളെ ഒരു നിമിഷം ഓർക്കാതിരിയ്ക്കാനായില്ല. അവ തന്ന അനുഭൂതികൾ കാലത്തിനു മാച്ചു കളയാനാകാത്തവിധം ഹ്റൃദ്യമായിരുന്നല്ലോ? ജീവിതത്തിനു നിറമേകാൻ കിട്ടിയ ഈ മുഹൂർത്തവും ധന്യം!

നിറങ്ങളൂടെ കോരിയൊഴിയ്ക്കലുകളിൽ നിന്നും പ്രകൃതി ഉണങ്ങി,കത്തിക്കരിഞ്ഞു, പ്രതീക്ഷകളസ്തമിച്ച്, ഭയമുളവാക്കുന്ന കറുത്ത ഭീകരമായ രൂപങ്ങളായി മാറുന്ന അവസ്ഥയെ പല ഫ്രെയിമുകളിലൂടെ കൊണ്ടു വന്നുനമുക്കു മുന്നിലവതരിപ്പിയ്ക്കാനും അവസാനം ചാരവും കറുപ്പും വെളുപ്പും നിറങ്ങളിലെ പൊട്ടിത്തെറികളുടെ പ്രതിഫലനങ്ങളായി മാറവേ പെട്ടെന്നൊരു ഫുൾസ്റ്റോപ്പിടുവാനും ഗിരീശൻ ഭട്ടതിരിപ്പാടിനു കഴിഞ്ഞു. സന്ദേശം ഇതിനകം വ്യക്തമായിക്കഴിഞ്ഞിരുന്നു താനും. മനുഷ്യന്റെ വിവേകമില്ലയ്മയുടെ ഫലം നമുക്കിന്നൊരു ശാപമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

എന്നിട്ടും…പച്ചപ്പിനെ അറിയാതെ നാമിഷ്ടപ്പെട്ടുപോകുന്നു. പ്രകൃതിയുടെ പച്ചയിലൊളിഞ്ഞിരുന്നെങ്കിലും പുറം ലോകത്തിന്റെ നിറമാറ്റങ്ങളെ കാണാൻ നമ്മുടെ മനസ്സു വെമ്പുന്നു. ആർട്ടിസ്റ്റ് ഗണപതി പെരിങ്ങോടിന്റെ ശിഷ്യനും നല്ലൊരു ഫോട്ടോഗ്രാഫറും, അതിരാത്രം-2011 എന്ന ഫോട്ടോഗ്രാഫി പുസ്തകത്തിന്റെ രചയിതാവുമായ ആർട്ടിസ്റ്റ് ഗിരീശൻ ഭട്ടതിരിപ്പാടിന്റെ നിറമിയലുന്ന ഇത്തരം ചിത്രങ്ങൾ നല്ലൊരു ഭാവിയെ വാഗ്ദാനം ചെയ്യുന്നവ തന്നെ. ആശംസകൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button