Life StyleSpirituality

ശ്രീപത്മനാഭ സ്വാമിക്ഷേത്രം : ഉത്പത്തിയും ഐതീഹ്യവും

ശശികല മേനോന്‍

‘കരുകൂര്‍മാ’ എന്ന നമ്മാര്‍വാള്‍ കവിയാണ്‌ ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി പാടിയത്. ചരിത്രപരമായി പറഞ്ഞാല്‍ ആയ രാജാക്കന്മാരുടെ വകയാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രം. ഡച്ച്‌ ശക്തിയെ ആദ്യമായി പരാജയപ്പെടുത്തിയത് കേരള രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ആയിരുന്നു. അദ്ദേഹമാണ് ക്ഷേത്രം ഇന്നത്തെ നിലയില്‍ പുതുക്കി പണിതതും ചുറ്റും കോട്ട കെട്ടി, ഗോപുര നിര്‍മ്മാണത്തിന് തുടക്കമിട്ടതും. ഇന്നത്തെ ശ്രീപത്മനാഭന്റെ വലിയ വിഗ്രഹം നിര്‍മ്മിച്ചതും അദ്ദേഹം തന്നെ. തിരുമലയില്‍ നിന്നാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ ഒറ്റക്കല്‍ വെട്ടിയെടുത്തത്. മൂന്ന് കവാടങ്ങളിലൂടെ മാത്രമേ പൂര്‍ണമായ ദര്‍ശനം സാധ്യമാകൂ!. വിശാലമായ തിരുവിതാംകൂര്‍ രാജ്യം “തൃപ്പടിദാനം” എന്ന ചടങ്ങുവഴി അദ്ദേഹം ശ്രീ പത്മനാഭന് സമര്‍പ്പിച്ച്, തൃപ്പാദ ദാസനായി തീര്‍ന്നു. രാജവാഴ്ച അവസാനിച്ചുവെങ്കിലും ആചാരങ്ങളും ചടങ്ങുകളും അങ്ങനെതന്നെ തുടരുന്നു.

1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍ വന്നപ്പോള്‍ പത്മനാഭപുരം ഉള്‍പ്പടെ അഗസ്തീശ്വരം, കല്‍ക്കുളം തുടങ്ങിയ താലൂക്കുകള്‍ മദ്രാസ് സംസ്ഥാനത്തോട് ചേര്‍ന്നു. എങ്കിലും പത്മഭാഭപുരത്ത് നിന്നും ഇന്നും തിരുവനന്തപുരത്തേക്ക് നവരാത്രി വിഗ്രഹ ഘോഷയാത്ര നടക്കുന്നുണ്ട്.

ക്ഷേത്ര നിലവറയിലുള്ള അളവറ്റ സമ്പത്തിന്റെ വിവരങ്ങളും വിശദാംശങ്ങളും ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ?

ഒരു സ്വാമിയാര്‍ അനന്തന്‍കാട് അന്വേഷിച്ചു നടന്നത്രേ! ദിവാകര മുനിയാണ് അതെന്നും അല്ല വില്ല്വമംഗലമാണെന്നും രണ്ടഭിപ്രായം നിലനിക്കുന്നു. പക്ഷെ, ദിവാകര മുനിക്കാണ് പ്രാമുഖ്യം. ആ കഥ ഇങ്ങനെ…

നഗ്ന നേത്രങ്ങള്‍ കൊണ്ട് ശ്രീകൃഷ്ണനെ ദര്‍ശിക്കാനാഗ്രഹിച്ച മുനിക്ക്‌ കൂട്ടായി ഒരു കോമള ബാലന്‍ കൂടെ കൂടി. പൂജയ്ക്കുള്ള ‘സാളഗ്രാമം’ വായിലട്ടതിനെ ചൊല്ലി കുട്ടിയെ ശാസിച്ചപ്പോള്‍ ‘ഇനി എന്നെക്കാണാന്‍ അനന്തന്‍ കാട്ടില്‍ വരിക’ എന്ന് പറഞ്ഞ് കുട്ടി അപ്രത്യക്ഷനായി. ആ ബാലകന്‍ സാക്ഷാന്‍ ശ്രീകൃഷ്ണനാണെന്ന് മനസിലാക്കി വര്‍ഷങ്ങളോളം യാത്ര ചെയ്ത ദിവാകര മുനി, ഒരു പുലയ സ്ത്രീയില്‍ നിന്ന് അനന്തന്‍കാട് മനസിലാക്കുകയും ഭഗവാനെ അവിടെ കണ്ടെത്തുകയും ചെയ്തു. തിരുവല്ലം മുതല്‍ തൃപ്പാപ്പൂര്‍ വരെ നീണ്ട വലിയ വിഷ്ണുരൂപം കണ്ട് ചെറിയ രൂപതിനായി അഭ്യര്‍ത്ഥിച്ച മുനിക്ക് ആഗ്രഹിച്ചപോലെ ദര്‍ശനം നല്‍കിയത്രെ ഭഗവാന്‍. അവിടെയാണ് അമ്പലം ഉയര്‍ന്നതെന്നാണ് ഒരു ഐതിഹ്യം. മറ്റൊരതീഹ്യം കൂടിയുണ്ട്. അനന്തന്‍കാടിന് സമീപത്തുള്ള ഒരു പുലയസ്ത്രീ ഒരു മനോഹര ബാലനേയും മുകളില്‍ പത്തിവിടര്‍ത്തിയ സര്‍പ്പത്തേയും കണ്ടത്രെ! വിവരം അറിഞ്ഞ നാടുവാഴി മഹാവിഷ്ണു ചൈതന്യം തിരിച്ചറിഞ്ഞ്, പുലയ സ്ത്രീ നല്‍കിയ ചിരട്ടയിലെ നെല്ലും പച്ചക്കണ്ണി മാങ്ങയും കൊണ്ട് ആദ്യനൈവേദ്യം നല്‍കി. അതാണ്‌ പിന്നീട് ചരിത്രപ്രസിദ്ധമായ ക്ഷേത്രമായതെന്നും പറയപ്പെടുന്നു.പ്രധാനപ്പെട്ട പല പുരാണങ്ങളിലും ചിലപ്പതികാരത്തിലും ഈ പുണ്യക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്. ആദ്യന്തമില്ലാത്ത ചരിത്ര വിശേഷങ്ങളാണ് ക്ഷേത്രപ്പറ്റിയുള്ളത്. വേട്ട എഴുന്നള്ളത്തും ശംഖുമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്തും സുപ്രസിദ്ധമാണ്.

1937 ജനുവരി 13 ന് മഹാത്മാഗാന്ധി ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. ക്ഷേത്രഭൂമികള്‍ പരിപാലിച്ചിരുന്നത് എട്ടുവീട്ടില്‍ പിള്ളമാരായിരുന്നു.

ക്ഷേത്രത്തെപ്പറ്റി പറയുമ്പോള്‍ പത്മതീര്‍ത്ഥത്തിന്റെ പ്രാധാന്യം പറയാതെവയ്യ. അന്ന് എട്ടു കിലോമീറ്റര്‍ അകലെ കിള്ളിയാറില്‍ നിന്നും വെള്ളം എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനം അത്ഭുതകരമായ ഒന്നത്രേ! ഇന്ന് അതൊക്കെ നഷ്ടപ്പെട്ടുവെങ്കിലും പത്മതീര്‍ത്ഥക്കുളം ഭക്തമനസുകള്‍ക്ക് ഭക്തിസാന്ദ്രമായ അനുഭവം തന്നെ.

നരസിംഹ മൂര്‍ത്തിയും, ശ്രീകൃഷ്ണ സ്വാമിയും, ധര്‍മശാസ്താവും, അഗ്രശാല ഗണപതിയും ഒക്കെ വാഴുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഭക്തജനങ്ങളുടെ അഭയകേന്ദ്രമാണ്. ഹൃദയപൂര്‍വ്വം കൈകൂപ്പി വിളിച്ചാല്‍ അരികില്‍ അണയുന്ന സ്വാന്തന ദീപം. സാക്ഷാല്‍ അനന്തശായിയായ മഹാവിഷ്ണു. അധ്യാത്മിക ജീവിതാരംഭത്തിന്റെ ആദ്യപടി ക്ഷേത്രദര്‍ശനമാണല്ലോ? മൂന്ന് കവാടങ്ങളിലൂടെ പൂര്‍ത്തിയാകുന്ന ദിവ്യദര്‍ശനം മുക്തിദായകവും അനുഗ്രഹ പ്രദവുമാത്രേ! കാഞ്ചി ശങ്കരാചാര്യരുടെ ഭാഷയില്‍ “സൂര്യനും പഞ്ഞിക്കുമിടയിലുള്ള ലെന്‍സാണ്” ക്ഷേത്രം. ലെന്‍സില്‍ കൂടി ചൂട് കേന്ദ്രീകരിച്ചാലെ പഞ്ഞി കത്തു! അതുകൊണ്ട് ആത്മീയത ഉണരാനും, അകക്കണ്ണ് തുറക്കാനും, ദുഃഖങ്ങള്‍ തീരാനും ശ്രീ പത്മനാഭന്റെ തൃപ്പാദങ്ങള്‍ പ്രണമിക്കാം.

നിയതമായ ആകാരത്തോടെയുള്ള വിഗ്രദര്‍ശനം സര്‍വവ്യാധി വിനാശനം തന്നെ. ആദിമധ്യാന്തഹീനമായ ആ പ്രപഞ്ച ശക്തിയെ എളുപ്പം ഗ്രഹിച്ച് ചിത ശുദ്ധി വരുത്താന്‍ ക്ഷേത്രദര്‍ശനം പോലെ മറ്റൊന്നില്ല.

“ഓം നമോ നാരായണായ!”

shortlink

Related Articles

Post Your Comments

Related Articles


Back to top button