ശ്രീനഗര്‍ : ആക്രമണം നടത്തിയ രീതികൊണ്ട് 2016 ജനുവരി രണ്ടിനുണ്ടായ പഠാന്‍കോട്ട് ഭീകരാക്രമണത്തെ ഓര്‍മിപ്പിക്കുന്നതാണ് 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്തുണ്ടായ ചാവേറാക്രമണം. അതേസമയം, ആക്രമണത്തിന്റെ ആഘാതം പരിഗണിച്ചാല്‍ പഠാന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തേക്കാള്‍ ഭീകരവുമാണിത്.
2016 ജനുവരി രണ്ടിനാണ് പഠാന്‍കോട്ട് വ്യോമതാവളം ഒരു കൂട്ടം ഭീകരര്‍ ആക്രമിച്ചത്.
ഇന്ത്യന്‍ കരസേനയുടെ യൂണിഫോം അണിഞ്ഞെത്തിയ ഭീകരരാണ് ഇവിടെ ആക്രമണം നടത്തിയത്. അതിരാവിലെ മൂന്നു മണിയോടെയായിരുന്നു ആക്രമണം. ഏകദേശം 17 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഏഴു സൈനികരുള്‍പ്പെടെ എട്ടു പേരും ആറ് ഭീകരരും കൊല്ലപ്പെട്ടു.
പഠാന്‍കോട്ടുണ്ടായ ആക്രമണത്തിനു സമാനമായ ആക്രമണമാണ് ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തും ഉണ്ടായത്. ആക്രമണത്തിന് തിരഞ്ഞെടുത്ത സമയത്തില്‍ തന്നെയുണ്ട് സമാനത. പഠാന്‍കോട്ട് ഭീകരര്‍ ആക്രമണത്തിന് തുടക്കമിട്ടത് പുലര്‍ച്ചെ മൂന്നു മണിയോടെയാണെങ്കില്‍, ഇവിടെയത് ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ പുലര്‍ച്ചെ നാലു മണിയായി. കമാന്‍ഡോ ശൈലിയിലാണ് ഭീകരര്‍ ഉറിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പഠാന്‍കോട്ടും ഭീകരര്‍ സൈനിക വേഷത്തിലായിരുന്നു എത്തിയത്.
ശ്രീനഗര്‍ മുസഫറാബാദ് ഹൈവേയ്ക്കരികിലാണ് സൈനിക ബ്രിഗേഡ് ആസ്ഥാനം. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. വന്‍ ആയുധശേഖരവുമായാണ് ഇവര്‍ അകത്തു കടന്നതെന്നാണു നിഗമനം. പഠാന്‍കോട്ട് ആക്രമണം നടത്താനെത്തിയ ഭീകരരുടെ പക്കലും വന്‍തോതിലുള്ള ആയുധശേഖരമുണ്ടായിരുന്നു. പഠാന്‍കോട്ട് ആക്രമണത്തെ അപേക്ഷിച്ച് കുറഞ്ഞ സമയംകൊണ്ട് ആക്രമണം അവസാനിച്ചെങ്കിലും മരിച്ച സൈനികരുടെ എണ്ണം പഠാന്‍കോട്ടിലേതിനേക്കാള്‍ ഇരട്ടിയിലധികമായി.
പഠാന്‍കോട്ട് മാതൃകയില്‍ ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് നേരത്തേതന്നെ ഭീഷണി മുഴക്കിയിരുന്നു. പഠാന്‍കോട്ട് ഭീകരാക്രമണം നടന്ന് ഏതാണ്ട് എട്ടര മാസം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു സൈനിക കേന്ദ്രം ആക്രമിച്ച് ഭീകരര്‍ ഹാഫിസ് സയീദിന്റെ വാക്കുകള്‍ സത്യമാണെന്ന് തെളിയിച്ചിരിക്കുന്നു.
അതേസമയം കശ്മീരിലെ ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ രംഗത്ത് വന്നു. പാക്ക് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഭീകരര്‍ അതിര്‍ത്തി കടക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഭീകരരാണ് ഉറിയില്‍ ആക്രമണം നടത്തിയത്. വന്‍ ആയുധശേഖരവും ഇവരുടെ കൈവശമുണ്ടായിരുന്നു. പാക്ക് സര്‍ക്കാര്‍ ഭീകരരെ നേരിട്ടു പിന്തുണയ്ക്കുന്നതിന് തെളിവാണിത്. പാക്ക് സര്‍ക്കാരിന്റെ നടപടിയില്‍ വലിയ നിരാശയുണ്ട്, ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.
Post Your Comments