തൃശൂർ: പുലികളിയിൽ ചുവടുവയ്ക്കാൻ തൃശിവപേരൂരിന്‍റെ ചരിത്രത്തിലാദ്യമായി പെൺപുലികളെത്തും. രാമവര്‍മപുരം പോലീസ് ക്യാമ്പിലെ എ.എസ്.ഐ എന്‍.എ. വിനയ, അധ്യാപികയും നിലമ്പൂർ സ്വദേശിയുമായ ദിവ്യ, കോഴിക്കോട് സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ സക്കീറ എന്നിവരാണ് പുലിവേഷങ്ങളിൽ എത്തുന്നത്. ഇവർ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിങ്‌സ് എന്ന സംഘടനയുടെ ഭാരവാഹികൾ കൂടിയാണ്. സമൂഹത്തില്‍ സ്ത്രീകള്‍ ഒരു രംഗത്തും വേറിട്ടു നില്‍ക്കേണ്ടവരല്ല എന്ന ധാരണയോടെയാണ് ആണ്‍പുലികള്‍ കൈയടക്കിവച്ച മേഖലയില്‍ ഇവര്‍ ആധിപത്യം നേടാനെത്തുന്നത്. വിയ്യൂര്‍ദേശത്തിലെ ദേശപ്പുലികൂട്ടത്തിന്‍റെ ഭാഗമായാണ് ഇന്ന് പെണ്‍പുലികളുടെ അരങ്ങേറ്റം.
പുലിവേഷമണിയാൻ പ്രചോദനമായത് ദേശക്കുമ്മാട്ടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതാണെന്നാണ് ഇവർ പറയുന്നത്. സംഘടനയില്‍ ഉള്‍പ്പെട്ട ഇരുപതോളം പേര്‍ കുമ്മാട്ടിക്കളി അവതരിപ്പിക്കാനായി തയാറെടുത്തിരുന്നു. മാസങ്ങള്‍ക്കു മുൻപ് തന്നെ ചുവടുകള്‍ അഭ്യസിച്ചു. റിഹേഴ്സല്‍ നടത്തുകയും ചെയ്തു. എന്നാല്‍ ദേശക്കുമ്മാട്ടി സംഘാടകര്‍ സമയമായപ്പോള്‍ അനുവാദം നല്‍കിയില്ല. ഈ അപമര്യാദയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണു പുലികളിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. പുലികളിയില്‍ കീര്‍ത്തികേട്ട വിയ്യൂര്‍ദേശം സംഘാടകരുടെ അനുകൂല മറുപടി പെണ്‍പുലികളുടെ ചരിത്രത്തിലേക്കുള്ള കാല്‍വയ്പായി മാറി. ഒരു മത്സര ഇനമെന്ന നിലയ്ക്കു പുലികളിയില്‍ സ്ത്രീകള്‍ പങ്കെടുക്കാമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടിയാണു മൂവര്‍സംഘത്തിന് അനുമതി നല്‍കിയതെന്നു വിയ്യൂര്‍ദേശം പുലിക്കളി സംഘം സെക്രട്ടറി സി.എം. അനില്‍കുമാര്‍ പറഞ്ഞു.
പുലികളിയില്‍ ജ്ഞാനമുള്ളവരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയും യൂട്യൂബിലും ഇന്‍റര്‍നെറ്റിലും പരതി പുലികളിയുടെ ചിട്ടവട്ടങ്ങള്‍ മനസിലാക്കിയും ആത്മവിശ്വാസത്തോടെയാണു വിയ്യൂര്‍ദേശത്തിന്‍റെ 48 ആണ്‍പുലികള്‍ക്കൊപ്പം പെണ്‍പുലികള്‍ രംഗപ്രവേശം ചെയ്യുന്നത്.നാല്‍പ്പത്തിയഞ്ച് മുതല്‍ അന്‍പത്തിയൊന്ന് പേര്‍വരെ ഉള്‍പ്പെടുന്ന സംഘത്തിനു പുലികളിയില്‍ മത്സരിക്കാമെന്നാണു നിയമം. വിയ്യൂര്‍ദേശം ടീമംഗങ്ങളെ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ പെണ്‍പുലിക്കൂട്ടത്തില്‍ മൂന്നുപേരെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. പുലികളി അടിസ്ഥാനപരമായി ഒരു കലാരൂപമാണ്. സ്ത്രീപക്ഷ കേരളം ഉറപ്പു നല്‍കുന്ന സര്‍ക്കാര്‍ പുലികളിപോലുള്ള കലാരൂപങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാന്‍ പ്രോത്സാഹനം നല്‍കണമെന്ന് പെണ്‍പുലികള്‍ ആവശ്യപ്പെടുന്നു.
Post Your Comments