Kerala

ജിഷ വധക്കേസ് : ഇതുവരെ കേട്ട കഥകള്‍ പലതും തെറ്റായിരുന്നു

കൊച്ചി : പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തെക്കുറിച്ച് ഇതുവരെ കേട്ട കഥകള്‍ പലതും തെറ്റായിരുന്നുവെന്ന് എസ്പിയുടെ വിശദാംശങ്ങളിലൂടെ വ്യക്തമായി. ജിഷ വധക്കേസില്‍ കേട്ട കുളിക്കടവ് കഥ കെട്ടുകഥയായിരുന്നുവെന്ന് ആലുവ റൂറല്‍ എസ്പി : പി.എന്‍. ഉണ്ണിരാജന്‍ വ്യക്തമാക്കി. ഇന്നാണ് അന്വേഷണ സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശി അമീറുല്‍ ഇസ്ലാം മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടയാളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 1500 പേജുകളുള്ള കുറ്റപത്രത്തില്‍ 125 രേഖകള്‍, 195 സാക്ഷി മൊഴികള്‍, നാലു ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അമീറിനെ ജിഷയുടെ വീട്ടില്‍ കണ്ടെന്ന അയല്‍വാസിയുടെ മൊഴിയും കൊലയ്ക്കു ശേഷം അമീര്‍ സുഹൃത്തുമായി സംസാരിച്ചതും പ്രതി രക്ഷപെടാനുപയോഗിച്ച ട്രെയിന്‍ ടിക്കറ്റും തെളിവായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിനോടു ചേര്‍ന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വച്ചാണു ജിഷ കൊല്ലപ്പെട്ടത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി 30 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 23 പേരുടെ ഡിഎന്‍എ സാംപിള്‍ പരിശോധിച്ചു. 1500 പേരെ ചോദ്യം ചെയ്തു. 21 ലക്ഷം ഫോണ്‍കോളുകളും 5000 പേരുടെ വിരലടയാളവും പൊലീസ് പരിശോധിച്ചിരുന്നു. പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ശാസ്ത്രീയ തെളിവുകളിലൂന്നിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

കൊലനടന്ന ദിവസം ജിഷ വീട്ടില്‍ നിന്നു അകലെ പോയിട്ടില്ല. കുളിക്കടവിലുണ്ടായി എന്നു പറയുന്ന തര്‍ക്കവും പ്രതിയുടെ പല്ലുകള്‍ക്കിടയില്‍ വിടവെന്നതും കെട്ടുകഥയാണ്. ജിഷയുടെ പെന്‍ക്യാമറയില്‍ ചിത്രങ്ങളില്ല. ഇതാണ് ആരെയും വീട്ടില്‍ കയറ്റാന്‍ പറ്റാത്തതെന്ന് ജിഷ പറഞ്ഞിട്ടുമില്ല. അനാറുല്‍ ഇസ്ലാം എന്ന സുഹൃത്തും അമീറിനില്ല. ഇതെല്ലാം കെട്ടുകഥകളാണെന്നും എസ്പി പറയുന്നു. എന്നാല്‍ ജിഷയുടെ ഉള്ളിലെത്തിയ മദ്യം പ്രതി അമീര്‍ ഉള്‍ ഇസ്ലാം കുടിപ്പിച്ചതാണ്. മാനഭംഗത്തിനു ശേഷം സ്വകാര്യഭാഗങ്ങളില്‍ പ്രതി പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്നും എസ്പി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button