ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ ‘അമ്മ’ ബ്രാന്‍ഡില്‍ ഇനി മുതല്‍ വിവാഹ ഹാളുകളും. തൊണ്ടിയാര്‍പേട്ട്, വേലാച്ചേരി, ആയപാക്കം, പെരിയാര്‍ നഗര്‍, ചെന്നൈയില്‍ കൊരട്ടൂര്‍, മധുരയിലെ അണ്ണാ നഗര്‍, തിരുനെല്‍വേലിയിലെ അംബാസമുദ്രം, സേലം, തിരുവള്ളൂരിലെ കൊടുങ്ങായൂര്‍, തിരുപ്പൂരിലെ ഉദുമല്‍പ്പേട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും അമ്മ വിവാഹ ഹാളുകള്‍ നിര്‍മിക്കുക. തമിഴ്‌നാട് ഹൗസിങ് ബോര്‍ഡ് ആന്‍ഡ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കായിരിക്കും ഇവയുടെ നിര്‍മാണ ചുമതല.
വരനും വധുവിനുമായി ശീതീകരിച്ച മുറികള്‍, അതിഥികള്‍ക്കായി പ്രത്യേകം മുറികള്‍, ഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക സ്ഥലസൗകര്യം, അടുക്കള തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതായിരിക്കും അമ്മ വിവാഹ ഹാളുകള്‍. ‘അമ്മ’ വിവാഹ ഹാളുകള്‍ നിര്‍മിക്കുന്ന കാര്യം ജയലളിത തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഇതിനായി 83 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വിവാഹാവശ്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ഈ ഹാളുകള്‍ ബുക്കു ചെയ്യുന്നതിനുള്ള സംവിധാനവുമൊരുക്കുമെന്ന് പ്രസ്താവനയിലുണ്ട്.
സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കായാണ് ‘അമ്മ’ വിവാഹ ഹാളുകള്‍ നിര്‍മിക്കുന്നതെന്ന് ജയലളിത വ്യക്തമാക്കി. വന്‍തുക മുടക്കി ആഡംബര വിവാഹ ഹാളുകള്‍ ഉപയോഗിക്കുന്നതില്‍ ഇടത്തരക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ നടപടിയെന്നും ജയലളിത പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments