ഡൽഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ അതൃപ്തിയുമായി മുൻ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം അമർഷം രേഖപ്പെടുത്തിയത്.
ഹൈക്കോടതി അംഗീകരിച്ച പ്രോസിക്യൂഷന്‍ വാദം പ്രകാരം, എറുണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ സൗമ്യ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റപ്പെടുകയും തുടര്‍ന്ന് ഗോവിന്ദച്ചാമി കടന്ന് വന്ന് സൗമ്യയെ ബലമായി കയറി പിടിക്കുകയും, ബോധരഹിതയാക്കുകയായിരുന്നു എന്നും പറയുന്നു. ഇത് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതുമാണ്. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി പീഢിപ്പിക്കുകയും ആയിരുന്നു എന്ന് മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പക്ഷെ പ്രതി സൗമ്യയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന കാരണത്താൽ ഗോവിന്ദച്ചാമിക്ക് മേൽ ചുമത്തപ്പെട്ട കൊലകുറ്റം സുപ്രീംകോടതി പിൻവലിക്കുകയായിരുന്നു. എന്നാൽ പീഡനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ 376 ആം വകുപ്പ് പ്രകാരം ജീവപര്യന്തവും 325 ആം വകുപ്പ് പ്രകാരം ഏഴ് വർഷം തടവും ഗോവിന്ദച്ചാമിക്ക് കോടതി വിധിക്കുകയായിരുന്നു.
തെളിവുകളുടെ അഭാവത്താല്‍, ഗോവിന്ദച്ചാമിയ്ക്ക് സൗമ്യയെ വധിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തിയ കൊലക്കുറ്റം പിന്‍വലിക്കുകയായിരുന്നു. അതിനാല്‍ ഐപിസി സെക്ഷന്‍ 302 വകുപ്പ് പ്രകാരം ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ നല്‍കാന്‍ സാധിക്കില്ല. തലയ്ക്ക് 4-5 തവണ പ്രഹരമേറ്റതിനും പീഡനത്തിനിരയായതിനെയും തുടര്‍ന്ന് സൗമ്യ സ്വയം ട്രെയിനില്‍ നിന്നും ചാടാമെന്ന സാധ്യതയും സുപ്രീംകോടതി ഉന്നയിച്ചിരുന്നു.
സൗമ്യ ട്രെയിനില്‍ നിന്നും സ്വയം ചാടിയതാണെന്ന് തങ്ങളോട് മധ്യവയസ്‌കനായ വ്യക്തിയാണ് അറിയിച്ചതെന്ന പ്രോസിക്യൂഷന്റെ നാല്, നാല്‍പത് നമ്പര്‍ സാക്ഷികളുടെ മൊഴിയെ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതായി വിധിയുടെ 15 ആം ഖണ്ഡികയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സുപ്രീംകോടതി എങ്ങനെയാണ് കേട്ട് കേള്‍വി മാത്രമുള്ള സാക്ഷികളെ വിശ്വാസത്തില്‍ എടുത്തതെന്ന് മാര്‍ക്കണ്ഡേയ കട്ജു ചോദിക്കുന്നു. ഇത് വിധിയില്‍ സംഭവിച്ച വലിയ തെറ്റാണെന്ന് കട്ജു പറയുന്നു.
300 -ആം വകുപ്പിന്റെ മൂന്നാം ഭാഗം പ്രകാരം, തല ശരീരത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാണെന്നും തുടര്‍ച്ചയായി പ്രഹരമേല്‍ക്കുന്ന സാഹചര്യത്തില്‍ മരണം സംഭവിക്കാന്‍ സാധ്യതയേറുമെന്ന കാര്യം സുപ്രീംകോടതി വിസ്മരിച്ചത് തെറ്റാണെന്നും മാര്‍ക്കണ്ഡേയ കട്ജു വ്യക്തമാക്കി. താനായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നും വിധിക്കില്ലെന്നും ഒരാള്‍ക്ക് മറുപടിയായി കട്ജു പറഞ്ഞു. ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തപ്പെട്ട കൊലക്കുറ്റം പിന്‍വലിച്ചതിലൂടെ സുപ്രീംകോടതി തെറ്റായ സന്ദേശമാണ് നീതിന്യായ വ്യവസ്ഥിതിയ്ക്ക് നല്‍കുന്നതെന്നും വിധിയില്‍ സുപ്രീംകോടതി പരിശോധന നടത്തണമെന്നും മാര്‍ക്കണ്ഡേയ കട്ജു ആവശ്യപ്പെടുന്നുണ്ട്.
Post Your Comments