KeralaNews

വാമനജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന്‍ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ വാമന ജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലും കേരളത്തില്‍ തൃക്കാക്കര അടക്കമുള്ള ക്ഷേത്രങ്ങളിലും വാമനജയന്തി ആചരിക്കാറുണ്ട്. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വാമനജയന്തി ആഘോഷിച്ച അവസരത്തിലാണ് അമിത്ഷാ ആശംസകള് നേര്‍ന്നത്. കുമ്മനം പറഞ്ഞു.

ഇതോടൊപ്പം തിരുവോണദിനത്തില്‍ അദ്ദേഹം പ്രത്യേകമായി മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നതുമാണ്. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ചിലര്‍ മനപ്പൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കുമ്മനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇതാദ്യമായിട്ടല്ല അഖിലേന്ത്യ നേതാക്കള്‍ വാമനജയന്തി ആശംസ അര്‍പ്പിക്കുന്നതെന്നും വാമനജയന്തി ആശംസിക്കുന്നത് മഹാബലിക്ക് വിരുദ്ധമാണെന്ന പിണറായിയുടേയും സുധീരന്‍റേയും കാഴ്ചപ്പാട് നാടിനാപത്താണെന്നും കുമ്മനം പറഞ്ഞു.

മുഖ്യമന്ത്രി, കെപിസിസി അദ്ധ്യക്ഷന്‍ എന്നിങ്ങനെ ഉന്നത പദവികളില്‍ ഇരിക്കുന്നവര്‍ എന്തും ഏതും വിവാദമാക്കി രാഷ്ട്രീയലാഭം കൊയ്യണമെന്ന്‍ ചിന്തിക്കുന്നത് ശരിയല്ലെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു.

“ഓണത്തിനെപ്പറ്റിയുള്ള ഐതിഹ്യം അംഗീകരിക്കുന്നവരാണ് മലയാളികള്‍. ഇന്ന്‍ കേരളം ഭരിക്കുന്നവര്‍ക്കും നേരത്തെ ഭരിച്ചവര്‍ക്കും ഒരിക്കലും പ്രദാനം ചെയ്യാനാകാത്ത സമത്വ സുന്ദരമായ ഒരു കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഓണവും മഹാബലിയുമൊക്കെ. മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനനൊപ്പം മഹാബലിയേയും അംഗീകരിച്ച് ആദരിക്കുന്നവരാണ് മലയാളികള്‍. ആ ഓര്‍മ്മകളെ ആഘോഷിക്കുന്ന അവസരത്തില്‍ പോലും വിഭാഗീയത സൃഷ്ടിക്കുന്ന ചിന്തകള്‍ ചില നേതാക്കള്‍ വെച്ചു പുലര്‍ത്തുന്നത് നമ്മുടെ നാടിന്‍റെ ശാപമാണ്,” കുമ്മനം പറഞ്ഞു.

ഉത്തരഭാരതത്തിലെ ആഘോഷത്തിന് അര്‍പ്പിച്ച ആശംസയെ കേരളത്തോടുള്ള വെല്ലുവിളി എന്നൊക്കെ വിശേഷിപ്പിക്കാന്‍ ദുഷിച്ച മനസ്സുകള്‍ക്കേ സാധിക്കൂ. ഒരുമയുടെ സന്ദേശം നല്‍കുന്ന ഓണത്തിന്‍റെ ഓര്‍മ്മകളില്‍ പോലും വിഭാഗീയതയുടെ വിഷം പുരട്ടുന്നവരെ കരുതിയിരിക്കണമെന്നും തന്‍റെ വാര്‍ത്താക്കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button