തൊടുപുഴ : ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തിയവര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നു. ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു നഗരത്തെ നടുക്കിയ കവര്‍ച്ച നടന്നത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണ വിലാസത്തില്‍ പ്രകാശ് പെട്രോള്‍ പമ്പുടമ ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും ആക്രമിച്ച് കെട്ടിയിട്ട ശേഷം 1.75 ലക്ഷം രൂപയും നാലര പവന്റെ സ്വര്‍ണാഭരണങ്ങളും ഐപാഡും രണ്ടു മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണു ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. അഞ്ചു പേരടങ്ങുന്ന സംഘമാണു കവര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത്.
പെട്രോള്‍ പമ്പില്‍നിന്നുള്ള കലക്ഷന്‍ തുകയാണു മോഷ്ടാക്കള്‍ കവര്‍ന്നത്. കോളിങ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന ബാലചന്ദ്രനെ കൂട്ടത്തോടെ ആക്രമിച്ച ശേഷമാണു മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. കവര്‍ച്ചയ്ക്കു ശേഷം ഓട്ടോയില്‍ മൂവാറ്റുപുഴയിലെത്തിയ സംഘം സുല്‍ത്താന്‍ ബത്തേരി ബസില്‍ കയറി ആലുവയിലിറങ്ങി. ഇവിടെ നിന്നും ട്രെയിനില്‍ ഷൊര്‍ണൂരിലിറങ്ങി. ഇവിടെ നിന്നും ചെന്നൈയിലേക്ക് പോകുന്നതിനു ടാക്‌സി പിടിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതിനിടെയാണു ഡ്രൈവര്‍മാര്‍ക്കു സംശയം തോന്നിയതും വിവരം പൊലീസില്‍ അറിയിച്ചതും.
മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ടു പേരാണ് പാലക്കാട് ഒലവക്കോട് വച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നതെന്നു ഇടുക്കി ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ് പറഞ്ഞു. പാലക്കാട് എസ്പിയുടെ സഹായത്തോടെ പ്രതികളെ പിടിക്കാന്‍ ശ്രമം തുടരുന്നതായും ജോര്‍ജ് അറിയിച്ചു. പ്രമുഖ ബസ് ഉടമയായിരുന്ന പ്രകാശ് കൃഷ്ണന്‍ നായരുടെ മൂത്ത മകനാണു ബാലചന്ദ്രന്‍. ആക്രമണത്തില്‍ ബാലചന്ദ്രനും ഭാര്യയ്ക്കും പരുക്കുണ്ട്. ഇവരെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments