ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന്‍ കാണാതായതായി ജൂണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 22 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലെത്തിപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. ഈ 22 പേരില്‍ ആറു സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടും. കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നും കാണാതായ ഇവര്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ എയര്‍പോര്‍ട്ടുകള്‍ വഴി കുവൈറ്റ്, ദുബായ്, മസ്ക്കറ്റ് എന്നിവടങ്ങളിലേക്ക് പോകുകയും, ഈ സ്ഥലങ്ങളില്‍ നിന്ന്‍ ഇറാന്‍ വഴി അഫ്ഗാനിസ്ഥാനില്‍ എത്തിച്ചേരുകയുമാണ് ചെയ്തതെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഓഗസ്റ്റ് 1-ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം വഴി അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ യാസ്മിന്‍ മൊഹമ്മദ് സാഹിദിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
കാണാതായവരുടെ കൂട്ടത്തില്‍ ഉള്ള അബ്ദുള്‍ റാഷിദുമായി മെയ്മാസത്തില്‍ തന്‍റെ നിക്കാഹ് നടന്നെന്നും, നിക്കാഹില്‍, കാണാതായവരുടെ കൂട്ടത്തില്‍ത്തന്നെയുള്ള ഷിഹാസ് “വാലി”യായും, അഷ്ഫാക്, യാഹ്യ എന്നിവര്‍ ദൃക്സാക്ഷികളുമായി എന്നും യാസ്മിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ന്ന്‍, മെസ്സേജിംഗ് ആപ്പ് ആയ ടെലിഗ്രാം വഴി റാഷിദ് തനിക്ക് ഇസ്ലാമിക് കാലിഫേറ്റ് വക്താവായ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ സന്ദേശങ്ങളും വീഡിയോകളും അയച്ചുതുടങ്ങിയെന്നും യാസ്മിന്‍ വെളിപ്പെടുത്തി. റാഷിദും ആദ്യഭാര്യ ആയിഷയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ബ്രിട്ടീഷ് ദമ്പതികളുമായി ടെലിഗ്രാം വഴി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നും, അവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളാണ് പ്രചരിപ്പിച്ചിരുന്നതെന്നും യാസ്മിന്‍ പറഞ്ഞു. റാഷിദിന്‍റെ നിര്‍ദ്ദേശപ്രകാരം താനും ഇവരുടെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്നും യാസ്മിന്‍ വെളിപ്പെടുത്തി.
ആയിഷയുടെ എടിഎം കാര്‍ഡ് റാഷിദ് യാസ്മിന്‍റെ കൈവശം ഏല്‍പ്പിച്ച ശേഷമാണ് നാടുവിട്ടു പോയത്. തുടര്‍ന്ന്‍ ആയിഷയുടെ അക്കൗണ്ടിലേക്ക് 1.5-ലക്ഷം രൂപയോളം ജൂലൈ മദ്ധ്യത്തില്‍ നിക്ഷേപിക്കുകയും ചെയ്തതായി യാസ്മിന്‍ പറഞ്ഞു. ഈ പണമുപയോഗിച്ചായിരുന്നു യാസ്മിന്‍ തന്‍റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ഈ പണമുപയോഗിച്ച് യാസ്മിന്‍ വിമാനടിക്കറ്റ് വാങ്ങുകയും, അഫ്ഗാന്‍ വിസയ്ക്കായുള്ള പണം അടയ്ക്കുകയും, 620-ഡോളറുകള്‍ മാറിയെടുക്കുകയും ചെയ്തതായി അന്വേഷണ ഏജന്‍സി അറിയിച്ചു.
Post Your Comments