Uncategorized

കാവേരി തിളയ്ക്കുന്നു: തമിഴ് നാട്ടിലും കര്‍ണാടകത്തിലും പരക്കെ സംഘര്‍ഷം; കേരളത്തിനെയും ബാധിക്കും

 

ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് കര്‍ണാടക നിരസിച്ചതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരുമൈസൂര്‍ റോഡ് അടച്ചു. മെട്രോ സര്‍വീസും നിര്‍ത്തിവെച്ചു.

സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഇത് കേരളത്തിലെ കെ എസ് ആർ ടി സി സർവീസുകളെയും ബാധിച്ചു. ഒൻപതു ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കും. കര്‍ണാകടയില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ടിസി ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയോടെ അടച്ചിരുന്നു.തമിഴ്നാട്ടില്‍ കര്‍ണാടക സ്വദേശികളുടെ വാഹനങ്ങളും ഹോട്ടലുകളും അജ്ഞാതര്‍ കത്തിച്ചു.

ചെന്നൈ അണ്ണാ നഗറിലെ കര്‍ണാടക ബാങ്ക് ശാഖയ്ക്ക് നേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിന് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു.ബെംഗളൂരുവില്‍ തമിഴ്നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന ഇന്ദിരാ നഗര്‍, കെആര്‍ നഗര്‍, പ്രകാശ് നഗര്‍, ഫ്രാസെര്‍ ടൗണ്‍, ആര്‍ടി നഗര്‍, താനാരി റോഡ്, ഹെഗ്ഡെ നഗര്‍, ശ്രീരാംപുര, ഖലാസി പാളയം എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.കര്‍ണാടകയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികള്‍ക്കെതിരെയുളള അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ തമിഴ്നാട്ടിലുളള കര്‍ണാടക സ്വദേശികള്‍ക്കും സമാന അക്രമങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ടുളള ഒരു കുറിപ്പും അജ്ഞാതര്‍ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിന് മുന്നില്‍ പതിച്ചു.

കന്നഡ സിനിമാ താരങ്ങള്‍ക്കെതിരായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമിഴ് വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മര്‍ദ്ദിച്ചവശനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ബെംഗളുരു, മൈസൂരു, ഹൂബഌ എന്നിവിടങ്ങളില്‍ തമിഴ്നാട് സ്വദേശികളുടെ വാഹനങ്ങളും കടകളും അക്രമികള്‍ കത്തിച്ചു. ബെംഗളൂരു സാറ്റ്ലൈറ്റ് ബസ്സ്റ്റേഷനിലെ തമിഴ്നാട്ടുകാരുടെ ഭക്ഷണശാലയായ അഡയാര്‍ ആനന്ദഭവനില്‍ കൈയേറ്റമുണ്ടായി. അഞ്ച് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗുളൂരുവിലെ മലയാളികള്‍ ആശങ്കയിലാണ്. ഓണഅവധിയ്ക്കായി നാട്ടിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറായിരുന്ന പലരും തിരികെ താമസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയി.അതേസമയം, മലയാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button