ന്യൂഡല്‍ഹി: രാജിവയ്ക്കാന്‍ വിസമ്മതിച്ച അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്കോവയെ രാഷ്ട്രപതി പുറത്താക്കി. ഗവര്‍ണര്‍ എന്ന നിലയിലുള്ള രാജ്കോവയുടെ ചുമതലകള്‍ അവസാനിപ്പിച്ചുകൊണ്ടും പകരം മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖനാഥന് അരുണാചല്‍ ഗവര്‍ണറുടെ അധികച്ചുമതല നല്‍കിക്കൊണ്ടും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി വിഞ്ജാപനം ഇറക്കി.രാജിവയ്ക്കാനുള്ള നിര്‍ദേശം അനുസരിക്കാത്ത മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രാജ്കോവയെ ഒട്ടും വൈകാതെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു വേണ്ടി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ബുധനാഴ്്ച രാഷ്ട്രപതിയെ നേരിട്ടു കണ്ടു ചര്‍ച്ച നടത്തിയിരുന്നു.
മേഘാലയ ഗവർണർക്ക് അരുണാചലില്‍ പുതിയ മുഴുസമയ ഗവര്‍ണറെ നിയമിക്കുന്നതു വരെയായിരിക്കും ചുമതല നല്‍കിയിരിക്കുന്നതെന്നു രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി പത്രക്കുറിപ്പില്‍ അറിയിച്ചു.പാര്‍ലമെന്റ് പാസാക്കിയ ചരക്കു സേവന നികുതി ബില്‍ (ജിഎസ്ടി) അരുണാചല്‍ നിയമസഭയില്‍ കൂടി പാസാക്കിയാലുടന്‍ ഗവര്‍ണറെ പുറത്താക്കാനായിരുന്നു കേന്ദ്രത്തിന്റെ ഉപദേശം. ജിഎസ്ടി ബില്‍ കഴിഞ്ഞ വ്യാഴാഴ്ച അരുണാചല്‍ നിയമസഭ പാസാക്കി.
രാഷ്ട്രപതി നിര്‍ദേശിച്ചാല്‍ മാത്രമേ രാജി വയ്ക്കൂവെന്ന നിലപാടിലായിരുന്നു ആസാമിലെ മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ജെ.പി. രാജ്കോവ. പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ശിപാര്‍ശയനുസരിച്ചു രാഷ്ട്രപതിക്കു മാത്രമേ തന്നെ പുറത്താക്കാന്‍ അധികാരമുള്ളൂ എന്നും രാജ്കോവ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.തനിക്കു ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും അക്കാരണത്താല്‍ ജോലി അവസാനിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ദൂതന്‍ വിളിച്ചു തന്നോടു രാജി ആവശ്യപ്പെട്ടതായും രാജ്കോവ സ്ഥിരീകരിച്ചിരുന്നു.
Post Your Comments