തിരുവനന്തപുരം : മുന്‍ എംഎല്‍എ എം.വി ശ്രേയാംസ്കുമാറിനെതിരായ ആരോപണം ശരിവെച്ച് വിജിലന്‍സ്. സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവെക്കുകയും വില്പനനടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ജനതാദള്‍ നേതാവ് എംപി. വീരേന്ദ്രകുമാര്‍ എംപി, മകനും മുന്‍ എംഎല്‍എയുമായ എം വി ശ്രേയാംസ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
മുന്‍ എംഎല്‍എ എം വി ശ്രേയാംസ്കുമാര്‍ 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. വയനാട് കൃഷ്ണഗിരിയിലുള്ള 14 ഏക്കര്‍ കാപ്പിത്തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ത്വരിതാന്വേഷണം നടത്തി തലശ്ശേരി വിജിലന്‍സ് സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃഭൂമിയിലെ മുന്‍ പത്രപ്രവര്ത്തകന് കൊച്ചി പാലാരിവട്ടത്തെ പി. രാജന് നല്കിയ പരാതിയില്‍ ജൂലൈ ഒന്‍പതിനാണ് തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. ജയറാം ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി എസ്. അച്യുതാനന്ദന്, എം വി ശ്രേയാംസ് കുമാര്‍, എംപി. വീരേന്ദ്ര കുമാര്‍, എന്നിവരാണ് ഒന്നു മുതല്‍ നാല് വരെയുള്ള പ്രതികള്‍. വയനാട്ടില്‍ വന്‍ തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് കാണിച്ച് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ഇതാണ് വിജിലന്‍സും ശരിവയ്ക്കുന്നത്.
വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍പെട്ട 137.99 ഏക്കര്‍ തോട്ടം പ്ലാന്റേഷന് ഭൂമിയില്‍ 135.14 ഏക്കര്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തുകയും ഇതില്‍ എംപി. വീരേന്ദ്രകുമാറും മറ്റും ചേര്‍ന്ന് 54.05 ഏക്കര്‍ ഭൂമി പലര്‍ക്കുമായി വില്പന നടത്തിയെന്നുമാണ് പരാതി. വയനാട്ടിലെ കണ്ണായ ഭൂമിയാണ് കൃഷ്ണഗിരി ഗ്രാമത്തിലെ പുറക്കാടി. 14.44 ഏക്കര്‍ വരുന്ന ഈ ഭൂമി ജനതാദള്‍ നേതാവ് എംപി. വിരേന്ദ്ര കുമാറിന്റെ പിതാവിന് ഭക്ഷ്യവിള കൂടുതല്‍ ഉത്പ്പാദിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ മദിരാശി മേധാവി കനിഞ്ഞു നല്കിയ ഭൂമിയാണിതെന്നായിരുന്നു വാദം. കൃഷ്ണഗിരി വില്ലേജിലെ 754/2 സര്‍വ്വേ നമ്പറിലുള്ള ഈ സര്‍ക്കാര്‍ ഭൂമി അനധികൃതമായി വീരേന്ദ്ര കുമാര്‍ കൈവശപ്പെടുത്തുകയും മകന് ശ്രേയാംസ് കുമാറിന് കൈമാറുകയും ചെയ്തുവെന്ന് എ.കെ.ആന്റണി മുഖ്യമന്ത്രിയായ കാലത്തു തന്നെ പരാതി ഉയര്‍ന്നിരുന്നു.
Post Your Comments