ജക്കാര്‍ത്ത: ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മരിച്ചവരെ ഓര്‍മിക്കുന്നതിനായി തികച്ചും വ്യത്യസ്തമായ ആചാരങ്ങളാണ് അനുഷ്ഠിച്ച് വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസിയിലെ ടോറജ പ്രവിശ്യയിലുള്ളവര്‍ മറ്റുള്ളവരെ വെല്ലുന്നവരാണ്. മരിച്ചവരെ ഓര്‍മിക്കുന്നതിനായി ഇവര്‍ വര്‍ഷം തോറും കുഴിമാടങ്ങളില്‍ നിന്നും അസ്ഥികൂടങ്ങള്‍ കുഴിച്ചെടുത്ത് അവയെ ഉടുപ്പിടീച്ചും തലമുടി ഫിറ്റ് ചെയ്തും ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഈ വിചിത്രമായ ആചാരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇവിടെ വര്‍ഷം തോറുമരങ്ങേറുന്ന സോംബി ആഘോഷത്തിന്റെ ഭാഗമായി കുഴിമാടങ്ങളില്‍ നിന്നും ചെറിയ കുട്ടികളുടെ അസ്ഥിക്കൂടങ്ങള്‍ പോലും ഇവര്‍ കുഴിച്ചെടുത്ത് ആഘോഷിക്കാറുണ്ട്.
സംസ്കരിച്ച ഭൗതികാവശിഷ്ടങ്ങള്‍ക്ക് കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് റിപ്പയര്‍ ചെയ്തതിന് ശേഷമാണ് ഇവ ആഘോഷത്തിനെത്തിക്കുന്നത്. മരണം ടോറജന്മാരെ സംബന്ധിച്ചിടത്തോളം അവസാനമല്ല. അതിനാല്‍ അവര്‍ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി തന്നെയാണ് മൃതദേഹങ്ങളെ പരിപാലിച്ച് വരുന്നത്. ഇതിനാല്‍ മരിച്ചവരെ ആഴ്ചകളോളമോ മാസങ്ങളോളമോ ചിലര്‍ വര്‍ഷങ്ങളോളമോ വീടുകളില്‍ സൂക്ഷിക്കുന്ന പതിവും ഇവിടുത്തുകാരില്‍ ചിലര്‍ക്കുണ്ട്. മരിച്ചവരുടെ ബന്ധുക്കളെല്ലാവരും എത്തിപ്പെടുന്നത് വരെ സംസ്കാരം പരമാവധി വൈകിപ്പിക്കാനും ഇവര്‍ക്ക് താല്‍പര്യമേറെയാണ്.
ഇവിടുത്തുകാരുടെ ശവസംസ്കാര പ്രക്രിയകള്‍ വളരെ വിപുലവും ചെലവേറിയതുമായ ആഘോഷമാണ്. മരിച്ചവരുടെ ആത്മാവ് അവരുടെ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ഇവരുടെ പരമ്പരാഗത വിശ്വാസം. അതിനാല്‍ ഇവിടുത്തെ ഒരാള്‍ യാത്രക്കിടയില്‍ മരിച്ചാല്‍ അയാളുടെ മൃതദേഹത്തെ ഗ്രാമത്തിലേക്ക് പിടിച്ച് നടത്തിച്ച് കൊണ്ടു വരാന്‍ വരെ ഇവര്‍ ശ്രമിക്കാറുണ്ട്.
Post Your Comments