കാശ്മീര്‍ സംഘര്‍ഷത്തിന്റെ പിടിയിലമര്‍ന്നിട്ട് ഇപ്പോള്‍ മൂന്നു മാസമാകുന്നു. പരമാവധി സംയമനം പാലിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ എപ്പോഴൊക്കെ കാശ്മീര്‍ താഴ്വരയില് സമാധാനാന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്നുവോ, അപ്പോഴൊക്കെ തികച്ചും ആസൂത്രിതമെന്ന പോലെ ചില പ്രത്യേക പാര്‍ട്ടികളുമായി ബന്ധപ്പെട്ട ആളുകള്‍ സൈന്യത്തെത്തന്നെ ആക്രമിച്ചുകൊണ്ട് വീണ്ടും കലാപം ആളിക്കത്തിക്കുന്നു. പാകിസ്ഥാന് ഗവണ്മെന്റ്, പാക് ചാരസംഘടന ഐ.എസ്.ഐ, പാക് മണ്ണില്‍ വേരുറപ്പിച്ച തീവ്രവാദസംഘടന ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവരുടെ ഗൂഡപദ്ധതിപ്രകാരം കാശ്മീരില്‍ കലാപാന്തരീക്ഷം നിലനിര്‍ത്താന്‍ താഴ്വരയിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകിയ കോടിക്കണക്കിനു രൂപയുടെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഈയിടെ പുറത്തുകൊണ്ടുവന്നപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.
കാശ്മീരില്‍ സമാധാനം പുലരാതിരിക്കാനുള്ള കൊണ്ടുപിടിച്ച പാക് ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍മണ്ണില്‍ നിന്ന് ഒത്താശ ചെയ്തു കൊടുത്തത് കാശ്മീരിലെ വിഘടനവാദി നേതാക്കളിലെ പ്രധാനിയായ ആസിയ അന്ദ്രാബിയും അവരുടെ സംഘടന ദുഖ്തരന്‍-ഇ-മില്ലത്തുമാണ് എന്നകാര്യം എന്‍.ഐ.എയുടെ അന്വേഷണത്തില്‍ വ്യക്തമായതാണ്. പാക് മണ്ണില്‍ ഉരുത്തിരിഞ്ഞ പദ്ധതിയിലൂടെ ഇന്ത്യയിലെത്തിയ വന്‍തുകകള്‍ ആസിയയുടെ സംഘടനയാണ് കലാപങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രതിഫലമായി വിതരണം ചെയ്തത്. സയെദ് അലി ഷാ ഗീലാനി പോലെയുള്ള മുതിര്‍ന്ന വിഘടനവാദി നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടോ എന്നത് എന്‍.ഐ.എ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
പക്ഷേ, വിഘടനവാദികളുടെ പക്ഷത്തുനിന്നും ആസിയ അന്ദ്രാബി നടത്തിയ ഗൂഡനീക്കങ്ങളില്‍ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ്. കാശ്മീരില്‍ ഒരു ദിവസം പോലും സമാധാനാന്തരീക്ഷം പുലര്‍ന്നുകാണാന്‍ വിഘടനവാദികളുടെ ഇടയില്‍ നിന്നും ആരും ആഗ്രഹിക്കുന്നില്ല. ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ഈ വസ്തുതയുടെ ഏറ്റവുംവലിയ തെളിവുകളായി മാറിയിട്ടുമുണ്ട്. ഇതിനെപ്പറ്റിയുള്ള വിശകലനങ്ങളില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടത് കാശ്മീര്‍ താഴ്വരയില് സന്ദര്‍ശനത്തിനു പോയ ഓള് പാര്‍ട്ടി സംഘത്തിന്റെ ഭാഗമായിരുന്ന ഇടതുപക്ഷം സ്വന്തം നിലയ്ക്ക് കാട്ടിക്കൂട്ടിയ മണ്ടത്തരവും, ഇതിനോടുള്ള പ്രതികരണമായി വിഘടനവാദി സംഘം തങ്ങളുടെ നിലപാടുകളിലെ കടുംപിടുത്തം തുടര്‍ന്നതുമാണ്.
ഓള് പാര്‍ട്ടി സംഘത്തില്‍ നിന്ന് തെന്നിമാറി സ്വന്തം നിലയ്ക്ക് വിഘടനവാദി നേതാക്കളെക്കണ്ട് ചര്‍ച്ച നടത്തി ആ പക്ഷത്തിന്റെ കൈയ്യടി നേടുക എന്നതായിരുന്നു സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ഇടതുസംഘത്തിന്റെ ലക്ഷ്യം. അതല്ലാതെ, നാളുകളായി ഇന്ത്യാ-വിരുദ്ധ, പാക്-അനുകൂല നിലാപാടുകള്‍ തുടരുന്ന വിഘടനവാദികളുടെ വാതിലില്‍ തട്ടി, കാത്ത്നിന്ന് യെച്ചൂരിയും കൂട്ടരും അപമാനം ഏറ്റുവാങ്ങിയതിന്റെ ഉദ്ദേശം മറ്റൊന്നാകാന്‍ യാതൊരു ന്യായവുമില്ല. കേന്ദ്രഗവണ്മെന്റിന് നേതൃത്വം നല്കുന്ന ബിജെപിയുടെ നിലപാടുകള്ക്കെതിരായാല് മതി തങ്ങളുടെ നിലപാടുകള്‍ എന്നതാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ നയം. ഈ മാനദണ്ഡത്തിലൂന്നിയുള്ള തങ്ങളുടെ നിലപാടുകളിലെ ദേശവിരുദ്ധതയും പാകിസ്ഥാന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളെ ശക്തിപ്പെടുത്തുന്ന വിധമുള്ള ഘടകങ്ങളേയും സീതാറാം യെച്ചൂരിയും കൂട്ടരും പരിഗണനയിലെടുക്കുന്നതേയില്ല.
അടിയ്ക്കടി പ്രസക്തി നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇത്തരം കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ ജനപ്രീതി ആര്‍ജ്ജിക്കേണ്ടി വരുന്ന അവസ്ഥ അത്യന്തം ദയനീയം തന്നെ.
മറുവശത്ത് യെച്ചൂരിയേയും കൂട്ടരെയും അപമാനിച്ചുകൊണ്ട് തങ്ങളുടെ കടുംപിടുത്തം തുടരുക വഴി സയെദ് അലി ഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള വിഘടനവാദി പക്ഷം കേന്ദ്രഗവണ്മെന്റിന്റെ കാശ്മീര്‍ വിഷയത്തിലുള്ള നിലപാടിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. കാശ്മീരില്‍ സമധാനമയമായ അന്തരീക്ഷം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കൊന്നും തങ്ങള്‍ അനുകൂലമല്ല എന്ന സന്ദേശമാണ് ഈ കഴിഞ്ഞ ആഴ്ചകളിലെ ഇവരുടെ ചെയ്തികളിലൂടെ ലഭിച്ചുകൊണ്ടിരുന്ന സൂചനകള്‍. ചില ഗൂഡലക്ഷ്യങ്ങളുമായി വന്നവര്‍ക്ക് മുമ്പില്‍ വാതില്‍ തുറന്നില്ല എന്നത് തന്നെ ഇന്ത്യന്‍ ഭാഗത്തു നിന്നുള്ള യാതൊരുവിധ പിന്തുണകളും തങ്ങള്‍ക്കാവശ്യമില്ല എന്ന ഇവരുടെ നിലപാടാണ് വ്യക്തമാക്കുന്നത്. സ്ഥാപിതതാത്പര്യങ്ങളോടെയാണെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ സാധ്യതയുള്ളവരുമായിപ്പോലും സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചയ്ക്ക് തയാറാകാത്ത വിഘടനവാദികളുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല എന്ന കേന്ദ്രനിലപാട് സാധൂകരിക്കപ്പെട്ടു എന്നുതന്നെ പറയാം.
കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് സൗഹാര്‍ദ്ദപൂര്‍ണ്ണമായ ഒരു പരിഹാരം കാണാന്‍ വിഘടനവാദികള്‍ക്ക് താത്പര്യം ഇല്ല എന്ന കാര്യം അവിടുത്തെ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുകയും, വിഘടനവാദികലുടേയും പാകിസ്ഥാന്റേയും ഗൂഡപദ്ധതികളിലെ കരുക്കള്‍ മാത്രമാണ് തങ്ങള്‍ എന്ന തിരിച്ചറിവ് അവര്‍ക്ക് നല്കാന് ശ്രമിക്കുകയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇനി ചെയ്യേണ്ടത്. ഇടതുപക്ഷത്തിന്റെ മണ്ടത്തരവും, വിഘടനവാദികളുടെ കടുംപിടുത്തവും ഇങ്ങനെ ഒരവസരമാണ് കേന്ദ്രഗവണ്മെന്റിനു നല്‍കിയിരിക്കുന്നത്.
അന്തിമവിശകലനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് ബുര്‍ഹാന്‍ വാനി ഒരു കരു മാത്രമായിരുന്നു എന്ന വസ്തുതയാണ്. കാശ്മീര്‍ താഴ്വരയിലെ സമാധാനാന്തരീക്ഷം നിലനില്ക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ലഭിച്ച ഒരൊന്നാന്തരം കരു. രാജ്യത്തിന്റെ ശത്രുക്കളോടൊപ്പം നിന്ന് രാജ്യത്തിനെതിരെ നീക്കങ്ങള്‍ നടത്തിയ ബുര്‍ഹാനെ ഇന്ത്യന്‍ സൈന്യം വധിച്ചത്തിന് 60-70 ദിവസങ്ങള്‍ക്ക് ശേഷമാണ് കാശ്മീര്‍ താഴ്വരയില് ശാന്തത കൈവരാനുള്ള സാഹചര്യം സംജാതമായത്. പക്ഷേ, ഈ സമാധാനാന്തരീക്ഷം താഴ്വരയില് ഒരുകാരണവശാലും നിലനിര്‍ത്തില്ല എന്ന കടുംപിടുത്തം തുടരുന്ന വിഘടനവാദികളെ ഒറ്റപ്പെടുത്തേണ്ടത് അടിയന്തിരപ്രാധാന്യം അര്‍ഹിക്കുന്ന വിഷയം തന്നെയാണ്.
Post Your Comments