KeralaNews

മാണിക്കെതിരെ കേസെടുത്തവര്‍തന്നെ മാണിക്കായിവക്കീലിനെ വെച്ചത് പ്രീണനം:വി.മുരളീധരൻ

തിരുവനന്തപുരം : വിജിലന്‍സ് കേസുകളില്‍നിന്ന് കെ.എം.മാണിയെ രക്ഷിക്കുന്നതിനുവേണ്ടി പിണറായി വിജയന്റെ വിശ്വസ്തനായ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ ഹാജരായതോടെ, ഇതിനുപിന്നില്‍ അരങ്ങേറിയ ഗൂഢാലോചന വെളിച്ചത്തുവന്നിരിക്കുകയാണെന്നു വി.മുരളീധരന്‍. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിണറായി വിജയന്‍ നല്‍കുന്ന വ്യക്തമായ സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.തന്റെ നിയമോപദേഷ്ടാവായി എം.കെ.ദാമോദരനെ പിണറായി വിജയന്‍ നിയമിച്ചിരുന്നു.

“ഇതിനെതിരേ ശക്തമായ വിമര്‍ശനങ്ങളുണ്ടായിട്ടും തന്റെ വിശ്വസ്തനായ എം.കെ.ദാമോദരനെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരിക്കെതന്നെ സര്‍ക്കാരിനെതിരായ കേസുകളില്‍ എം.കെ.ദാമോദരന്‍ ഹാജരാകുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് അന്ന് പിണറായി വിജയന്‍ സ്വീകരിച്ചത്.കൊടിയ അഴിമതിക്കാരനെന്നു പറഞ്ഞ് തിരഞ്ഞെടുപ്പുകാലത്തുടനീളം വ്യാപകമായ പ്രചാരണം നടത്തി ജനങ്ങളുടെ വോട്ട് നേടിയ ശേഷം അധികാരത്തിലിരുന്ന് മാണിയെ ഒപ്പം കൂട്ടാനുള്ള സിപിഎമ്മിന്റെ കുതന്ത്രമാണ് ഇതിനു പിന്നിലുള്ളത്. മാണിക്കെതിരേ കേസെടുത്തവര്‍തന്നെ അദ്ദേഹത്തെ ആ കേസില്‍നിന്നു രക്ഷപ്പെടാന്‍ അഭിഭാഷകനേയും ഏര്‍പ്പാടാക്കി കൊടുക്കുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്.”

“തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണ വിഷയമായിരുന്നു കെ.എം.മാണിയുടെ നേതൃത്വത്തില്‍ നടന്ന ബാര്‍കോഴ അഴിമതി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറിയ ഉടന്‍ അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി മാണിയോട് മൃദുസമീപനം എന്ന നിലയിലേക്ക് സിപിഎം എത്തി. യുഡിഎഫില്‍നിന്നു പുറത്തുപോയ മാണിയെ ഇടതു മുന്നണിയിലേക്കു കൊണ്ടുവരാന്‍ പിണറായി വിജയന്റെ ആശിര്‍വാദത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നു.” മാണിയെ രക്ഷിച്ചെടുത്ത് മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഈ നീക്കമെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button