ന്യൂഡൽഹി: ലക്ഷ്വറി എം.പി.വി സെഗ്മെന്റില്‍ പുതിയ മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട ഒരുങ്ങുന്നു. ജാപ്പനീസ് മാര്‍ക്കറ്റില്‍ വന്‍ വിജയം തുടരുന്ന ലക്ഷ്വറി അല്ഫാര്ഡാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട 2002-ല്‍ പുറത്തിറക്കിയ അല്‍ഫാര്‍ഡിനെ നേരത്തെ റഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിൽ വലിയ മുന്നേറ്റമായിരുന്നു. ഡീസൽ വാഹന നിരോധനം പിൻവലിച്ചതിന് പിന്നാലെയാണ് അല്‍ഫാര്‍ഡിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കമ്പനി തീരുമാനിച്ചത്.
ഏകദേശം 50 ലക്ഷമായിരിക്കും വില പ്രതീക്ഷിക്കുന്നത്. ആറു മുതല്‍ എട്ടു പേര്‍ക്ക് വരെ ഇതിൽ യാത്ര ചെയ്യാം. 2.4 ലീറ്റര്‍ ഹൈബ്രിഡ് ഓട്ടോമാറ്റിക് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 150 ബിഎച്ച്പി കരുത്തും 206 എന്‍എം ടോര്‍ക്കും എഞ്ചിന് നല്‍കും. ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്, ഫൈവ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്തമായ വിന്‍ഡോ ഗ്ലാസുകളും ഫ്രണ്ട് ബമ്പറും ഗ്രില്ലും ഇതിന്റെ പ്രത്യേകതയാണ്. എല്‍ഇഡി റൂഫ് ലൈറ്റിങ്, ഓട്ടോമാറ്റിക് സെന്റര്‍ ഡോര്‍, സ്മാര്‍ട്ട് എന്‍ട്രി ആന്‍ഡ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയും പുതുമയാണ്. കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്നരീതിയിലുള്ളതാണ് ഇതിന്റെ ഇന്റീരിയർ. മോഡൽ എപ്പോൾ പുറത്തിറങ്ങുമെന്ന വിവരം കമ്പനി പുറത്ത് വിട്ടിട്ടില്ല.
Post Your Comments