കാട്ടാക്കട : ഓണാഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി അത്തപ്പൂക്കളമിട്ടു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇന്നലെ തെരുവിലിറങ്ങിയത്. വര്‍ഷംതോറും കോളേജില്‍ നടത്താറുള്ള ഓണാഘോഷം ഈ വര്‍ഷം അനുവദിക്കില്ലെന്ന മാനേജ്‌മെന്റ് നിലപാടിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചത്. കോളേജിനു മുന്നിലെ റോഡിലാണ് വിദ്യാര്‍ത്ഥികള്‍ അത്തപ്പൂക്കളമിട്ടത്.
മാനേജ്‌മെന്റിന്റെ ഈ വിഭാഗീയതയ്‌ക്കെതിരെ അധ്യാപകരും പ്രതിഷേധിച്ചു. ഓണം പോലൊരു സമത്വ സന്ദേശമുണര്‍ത്തുന്ന ആഘോഷം വിലക്കിയതോടെ കലാലയത്തില്‍ നിന്ന് കുട്ടികള്‍ എങ്ങനെ സമത്വം പഠിക്കുമെന്ന് അവര്‍ ചോദിക്കുന്നു. കുറച്ചുകാലമായി ഈ കോളേജില്‍ വിദ്യാര്‍ഥിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. മതസ്പര്‍ധവളര്‍ത്തുന്ന പല പ്രവര്‍ത്തനങ്ങളും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്. ഓണാഘോഷത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കഴിഞ്ഞ 31ന് ഒരു സ്വകാര്യ ചാനലിന്റെ ഓണപ്പരിപാടി കോളേജ് അങ്കണതതില്‍ നടത്തിയിരുന്നു. കുറച്ച് കുട്ടികളെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ഈ പരിപാടിയോട് അധ്യാപകരും ഭൂരിഭാഗം വിദ്യാര്‍ത്ഥികളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളെ മുഴുവന്‍ പങ്കെടുപ്പിക്കാതെ നടന്ന ഈ പരിപാടിയെ ചില വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഇനി കോളേജില്‍ ഓണാഘോഷം നടത്തരുതെന്ന് ചെയര്‍മാന്‍ ഉത്തരവിട്ടു.
ഓണത്തെ സാമുദായിക ആഘോഷമായി ചിത്രീകരിച്ചാണ് ചെയര്‍മാനും പ്രിന്‍സിപ്പാളും ഓണപ്പരിപാടി വിലക്കിയതെന്ന് കുട്ടികള്‍ ആരോപിക്കുന്നു. രാവിലെ പത്ത് മണിയോടെ പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളോട് സംസാരിക്കാന്‍ പോലും അധികൃതര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ആണ്‍, പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ ഒന്നടങ്കം തെരുവില്‍ പൂക്കളമിട്ട് പ്രതിഷേധിച്ചത്. കുട്ടികളുടെ സമരം ഉച്ചവരെ നീണ്ടിട്ടും കോളേജ് അധികൃതര്‍ സമവായത്തിന് ശ്രമിക്കുകയോ ചര്‍ച്ചയ്ക്ക് തയ്യാറാവുകയോ ചെയ്തില്ല.
Post Your Comments