കോട്ടയം: സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന ബാക്ടീരിയയെ ആനപ്പിണ്ടത്തില്‍ നിന്നും കണ്ടെത്തി.കുപ്രിയാവിഡസ് മെറ്റാലിഡ്യുറന്‍സ്’ എന്ന സൂക്ഷമജീവിയെയാണ് ആനപ്പിണ്ടത്തില്‍ കണ്ടെത്തിയത്.കോന്നി എസ്.എന്‍.ഡി.പി.യോഗം കോളേജിലെ ബയോടെക്‌നോളജി വിഭാഗത്തിലെ ഡോ. ഇന്ദു സി. നായരുടെ നേതൃത്വത്തില്‍നടന്ന ഗവേഷണത്തിലാണ് ഈ അപൂര്‍വയിനം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.’എയു 2′ എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്.വനംവകുപ്പിനു കീഴിലുള്ള കോന്നി ആനക്കൂട്ടിലെ ആനകളെയാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. നാലുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ബാക്ടിരിയയെ കണ്ടെത്തിയത്.
കോളേജിലെ രണ്ടാംവര്‍ഷ ബിരുദാനന്തര വിദ്യാർത്ഥികളായ എ.ഉനൈസ്, പി.സുകന്യ എന്നിവരാണ് അദ്ധ്യാപികയെ ഗവേഷണത്തില്‍ സഹായിച്ചത്.
ലോഹസംസ്‌ക്കരണത്തിനിടെ പാഴാകുന്ന ജലത്തില്‍നിന്ന് കണ്ണുകൊണ്ട് കാണാനാവാത്ത സ്വര്‍ണത്തരികള്‍ വേര്‍തിരിച്ച് കോശത്തിനുള്ളില്‍ ചെറുതരികളായി സംഭരിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് മുമ്പ് തെളിയിച്ചിട്ടുണ്ട്.എം.ജി.സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബയോസയന്‍സസ്, സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് ഗവേഷണം നടത്തിയത്. ബാക്ടീരിയയെ കണ്ടെത്തിയതോടെ പരീക്ഷണം തുടരാനാണ് ശ്രമമെന്ന് ഡോ. ഇന്ദു പറയുകയുണ്ടായി.എങ്ങനെ ഈ ബാക്ടീരിയയെ ആനപ്പിണ്ടത്തില്‍ കണ്ടെത്തിയെന്നതാണ് തുടര്‍ഗവേഷണം. ആനപ്പിണ്ടത്തില്‍ ‘എയു 2’എന്ന ബാക്ടീരിയകളെ കണ്ടെത്തിയെന്നതാണ് ഈ ഗവേഷണത്തിന്റെ വിജയം. ഭാവിയില്‍ സമൂഹത്തിനു പ്രയോജനകരമായ ഗവേഷണങ്ങള്‍ക്ക് കോളേജ് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫസർ . പി.കെ. മോഹനരാജ് അഭിപ്രായപ്പെട്ടു.
Post Your Comments