തിരുവനന്തപുരം :ഗവണ്മെന്റ് പ്ലീഡർമാരുടെ നിയമനത്തിലെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. അദ്ദേഹത്തിൻറെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പരിഹാസം ചൊരിഞ്ഞത്. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാണ്.
“ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 നു കേരള സർക്കാർ ഹൈക്കോടതിയിലേക്ക് 47 ഗവണ്മെന്റ് പ്ലീഡർമാരെക്കൂടി നിയമിച്ചു. അക്കൂട്ടത്തിൽ സി.പി.എം. കാരാണ് കൂടുതൽ. പിന്നെ സി.പി.ഐ.ക്കാർ, ജനതാദളുകാർ, എൻ.സി.പി.ക്കാർ, കോൺഗ്രസ് (എസ്) കാർ, പിന്നെ മെത്രാന്മാരുടെയും ജഡ്ജിമാരുടെയും നോമിനികൾ.
ലിസ്റ്റിലെ മുപ്പത്തിമൂന്നാം പേരുകാരി കൊച്ചിയിലെ ശ്രീമതി കെ.ബി.സോണിയാണ്. സത്യസന്ധനും നിഷ്പക്ഷനും മഹാനീതിമാനും എന്നുപേരുകേൾപ്പിച്ച സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകൾ; ബാലകൃഷ്ണനെ പേരുകേൾപ്പിക്കുന്നതിൽ നിസ്തുല സംഭാവന നൽകിയ മുൻ യൂത്ത് കോൺഗ്രസ് നേതാവ് പി.വി.ശ്രീനിജന്റെ ഭാര്യ.
മുൻ മന്ത്രി ഡോ: എം.എ.കുട്ടപ്പനെ കറിവേപ്പിലപോലെ എടുത്തുകളഞ്ഞിട്ടാണ് ശ്രീനിജൻ 2006 ൽ ഞാറക്കൽ അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായത്. കുട്ടപ്പൻ പാരവെച്ചു അത്തവണ ശ്രീനിജനെ തോൽപ്പിച്ചു. 2009 ൽ മാവേലിക്കര പാർലമെന്റ് സീറ്റ് ചോദിച്ചു. പക്ഷെ കൊടിക്കുന്നിൽ സുരേഷ് അതടിച്ചുമാറ്റി. സുരേഷിനെതിരെ ഒരു കോൺഗ്രസുകാരനെക്കൊണ്ട് കേസ് കൊടുപ്പിച്ചു തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കോപാകുലനായ കൊടിക്കുന്നിൽ ബാലകൃഷ്ണനെക്കുറിച്ചു ഡോ:ഫുർഖാൻ രാഷ്ട്രപതിക്കുകൊടുത്ത പരാതി പ്രസിദ്ധപ്പെടുത്തി നാറ്റിച്ചു. പിന്നീട് സുപ്രീം കോടതിയിൽ കേസ് ജയിച്ചു കേന്ദ്രമന്ത്രിയായി.
എന്നിട്ടും ശ്രീനിജൻ യൂത്ത് കോൺഗ്രസിൽ ഉറച്ചുനിന്നു. 2011 ൽ കുന്നത്തുനാട് സംവരണ സീറ്റ് കിട്ടുമെന്നുറപ്പിച്ചു മതിലെഴുതി, പോസ്റ്ററടിപ്പിച്ചു. എന്ത് ചെയ്യാം? നന്ദികെട്ട കോൺഗ്രസുകാർ സീറ്റ് വി.പി.സജീന്ദ്രന് കൊടുത്തു. വഞ്ചിതനായ ശ്രീനിജൻ പാർട്ടി വിട്ടു.
2016 ലെ തെരഞ്ഞെടുപ്പിൽ സജീന്ദ്രനെതിരെ സ്വതന്ത്രനായി മത്സരിക്കും എന്ന് ഭീഷണി മുഴക്കി. അവസാനം മാർക്സിസ്റ്റു സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിച്ചു. കൈമെയ് മറന്ന് പ്രവർത്തിച്ചു, പണം ചിലവഴിച്ചു, സജീന്ദ്രന്റെ ഭാര്യയുടെ ഫോൺ സംഭാഷണം പരസ്യപ്പെടുത്തി ജോലി രാജിവെപ്പിക്കുന്നതുവരെ എത്തിച്ചു. എന്നിട്ടും സജീന്ദ്രൻ ജയിച്ചു.
പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ് തുഞ്ചത്താചാര്യൻ പാടിയിട്ടുള്ളത്. കുന്നത്തുനാട്ട് ശ്രീനിജിൻ ചെയ്ത ഉപകാരത്തിനു പകരമായി ഇതാ പിണറായി സഖാവ് സോണിയെ ഗവണ്മെന്റ് പ്ലീഡർ ആക്കിയിരിക്കുന്നു.
മഹാനായ പിതാവിന്റെയും തുല്യനിലയിൽ മഹാനായ ഭർത്താവിന്റെയും പാത സോണി പിന്തുടരും എന്ന് പ്രതീക്ഷിക്കാം. നീതിന്യായരംഗം സംശുദ്ധവും സുതാര്യവുമാക്കാൻ ഈ നിയമനം ഉപകരിക്കും.”
Post Your Comments