NewsIndia

ആംബുലൻസ് കിട്ടിയില്ല; രണ്ടര വയസുകാരിയുടെ മൃതദേഹവുമായി അമ്മ

മീററ്റ്: ആംബുലൻസ് ഡ്രൈവർമാർ കനിഞ്ഞില്ല. രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം മടിയിൽ കിടത്തി അമ്മ രാത്രി മുഴുവൻ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ പുറത്തിരുന്നു കരഞ്ഞുവിളിച്ചു. സ്വന്തം മകൾ ഗുൽനാദിന്റെ മൃതദേഹം മടിയിൽ കിടത്തി രാത്രി മുഴുവൻ നഗരത്തിലെ ആശുപത്രിക്കു പുറത്ത് ഇരിക്കേണ്ടിവന്നത് യുപിയിലെ ബാഗ്പത് ജില്ലയിൽ‌ ഗൗരിപുർ ഗ്രാമത്തിലെ ഇമ്രാനയ്ക്കാണ് . ഗുൽനാദ് ബാഗ്പത് ഗവ. പി.എൽ. ശർ‌മ ആശുപത്രിയിൽ വൈറൽ പനി പിടിപെട്ട ചികിത്സയിലായിരുന്നു.

മീററ്റിലെ ലാലാ ലജ്പത്‌റായ് മെഡിക്കൽ കോളജിലേക്കു രോഗം കൂടിയതോടെ മാറ്റി. അവിടെ എത്തുംമുൻപേ കുട്ടി മരിച്ചു. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ്‌ ചോദിച്ചപ്പോൾ ജില്ലയ്ക്കു പുറത്തേക്കു പോകാൻ അനുവാദമില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. സ്വകാര്യ ആംബുലൻ‌സ് വിളിച്ച് മകളുടെ മൃതദേഹവുമായി അടുത്തുള്ള ജില്ലാ ആശുപത്രിയിൽ നിന്നു സർക്കാർ ആംബുലൻ‌സ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അവിടെയെത്തി. കൈവശം ആകെയുണ്ടായിരുന്ന 200 രൂപ ഈ സ്വകാര്യ ആംബുലൻസിനു കൊടുക്കേണ്ടിവന്നു. മീററ്റ് ജില്ലാ ആശുപത്രിയിലെത്തി ആംബുലൻസ്‌ അന്വേഷിച്ചപ്പോഴും, ജില്ലയ്ക്കു പുറത്തു പോകാൻ നിയമമില്ലെന്ന് ആംബുലൻ‌സ് ഡ്രൈവറുടെ മറുപടി.

സ്വകാര്യ ആംബുലൻസുകാർ ബാഗ്‌പത് ജില്ലയിലെ ഗൗരിപുർ‌ ഗ്രാമത്തിൽ മൃതദേഹം എത്തിക്കണമെങ്കിൽ 2500 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പണമൊന്നും കയ്യിലില്ലാത്തതിനാൽ ജില്ലാ ആശുപത്രിക്കു പുറത്ത് രാത്രി മുഴുവൻ മകളുടെ മൃതദേഹം മടിയിൽ കിടത്തി അമ്മ ഇരുന്നു. പിറ്റേന്ന് ആശുപത്രിയിലെത്തിയ ചിലർ വിവരം ചോദിച്ചറിഞ്ഞ് സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി മകളുടെ മൃതദേഹവുമായി ഇമ്രാനയെ നാട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നു മീററ്റ് ജില്ലാ മജിസ്ട്രേട്ട് ജഗത്‌രാജ് ത്രിപാഠി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button