കൊളംമ്പോ:55 ലക്ഷം കുഞ്ഞുങ്ങൾ ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാത്തതിനാൽ ലോകത്ത് ഒരു വർഷം മരിക്കുന്നു .ഇക്കാര്യം പുറത്ത് വിട്ടത് കൊളംമ്പോയിൽ ചേർന്ന ലോകാരോഗ്യ സംഘടന പ്രതിനിധികളുടെ റീജ്യണൽ കമ്മിറ്റി യോഗമാണ് . പ്രധാനമായും വളർച്ചാക്കുറവ്, ജനനസമയത്തെ സങ്കീർണത, അണുബാധ എന്നിവയാണ് ജനിക്കുന്നതിന് മുമ്പോ, ജനിച്ച് 28 ദിവസങ്ങൾ കഴിയുന്നതിന് മുമ്പോ കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നതിന് കാരണമായി പറയുന്നത്. ഇത് ഫിൻലാന്റിന്റെ ആകെയുള്ള ജനങ്ങളുടെ അത്രയും എണ്ണത്തോളം വരുമെന്നും യോഗം വിലയിരുത്തുന്നു.
ഇങ്ങനെയുള്ള മൂന്ന് ലക്ഷം കുഞ്ഞുങ്ങളെയെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും നൽകിയാൽ രക്ഷിക്കാൻ കഴിയുമെന്ന് യോഗ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. അഞ്ച് ദിവസത്തോളം നീണ്ടു നിന്ന ലോകാരോഗ്യ സംഘടനാ പ്രതിനിധികളുടെ യോഗത്തിന്റെ പ്രധാന അജണ്ട മാതൃ-ശിശു മരണം, സിക്ക വൈറസിനെ പ്രതിരോധിക്കാനുള്ള പെട്ടെന്നുള്ള നടപടി, ലോകത്തെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ ബാധിക്കുന്ന പകർച്ചവ്യാധിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനം എന്നിവയായിരുന്നു . കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നെഡ്ഡ ഉൾപ്പടെ പതിനൊന്ന് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളിലാണ് കുഞ്ഞുങ്ങളുടെ മരണത്തിൽ പകുതിയോളം സംഭവിക്കുന്നത്. ഇന്ത്യ തന്നെയാണ് ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും.ഇന്ത്യയിൽ 7.79 ലക്ഷം കുഞ്ഞുങ്ങളാണ് ഓരോ വർഷവും മരിക്കുന്നത്. നൈജീരിയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 2.76 ലക്ഷം കുഞ്ഞുങ്ങൾ മരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. പാകിസ്താൻ (2.02 ലക്ഷം), ചൈന(1.57 ലക്ഷം), കോംഗോ(1.18 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കണക്ക്.
Post Your Comments